കുട്ടികളെ പ്രാർഥിപ്പിക്കാൻ പഠിപ്പിക്കുക: ഫ്രാൻസിസ് മാർപാപ്പ

09:30 PM Apr 25, 2018 | Deepika.com
വത്തിക്കാൻ സിറ്റി: കുട്ടികളെ പ്രാർഥിപ്പിക്കാൻ പഠിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ ലിബറേഷൻ ദിനത്തോട് (ഏപ്രിൽ 25) അനുബന്ധിച്ച് വത്തിക്കാൻ സ്ക്വയറിൽ ഒഴുകിയെത്തിയ നാനാജാതി മതസ്ഥർക്കു മാർപാപ്പാ നൽകിയ സന്ദേശത്തിലാണ് പ്രാർഥനയുടെ ആവശ്യകതയെപ്പറ്റി പാപ്പാ കുട്ടികളെ ഓർമപ്പെടുത്തിയത്. ബുധനാഴ്ചത്തെ സാധാരണ ജനറൽ ഓഡിയൻസിൽ നിന്നും വ്യത്യസ്തമായി അസാധാരണ സന്ദർശകരാണ് ഇന്നുണ്ടായത്.

മാമ്മോദീസ സ്വീകരിച്ചു, പുതുജീവൻ നൽകിയ കത്തോലിക്ക സഭയിൽ അംഗമായി ക്രിസ്തുവിനോടു ചേർന്നു നിൽക്കുന്ന ഓരോരുത്തരും തങ്ങളുടെ കർത്തവ്യം മറക്കരുതെന്നും പാപ്പാ ഓർമിപ്പിച്ചു. ദേവാലയത്തിൽ എത്തുന്പോൾ എനിക്കുവേണ്ടി മാത്രം എന്ന ചിന്തകൾ മാറ്റിവച്ചു മറ്റുള്ളവർക്ക് വേണ്ടി കൂടി പ്രാർഥിക്കണമെന്നും ഞാൻ എന്ന ഭാവം ഇല്ലാത്തതാക്കി ക്രിസ്തീയത സ്വന്തമാക്കി ഉൾകൊള്ളണമെന്നും നവമാധ്യമ സംസ്കാരം ലോകത്തിൽ അത്ഭുതാവഹമായ മാറ്റങ്ങൾ സൃഷ്ടിക്കുന്പോൾ കുഞ്ഞുങ്ങളെ ചെറുപ്പത്തിൽ തന്നെ പ്രാർഥിപ്പിക്കാൻ പരിശീലനം നൽകാൻ നാം ഓരോരുത്തരും തയാറാവണമെന്നും ഫ്രാൻസിസ് മാർപാപ്പ പൊതുജനസന്പർക്ക പരിപാടി മധ്യേ നൽകിയ സന്ദേശത്തിൽ ഉത്ബോധിപ്പിച്ചു.

ഇത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. ക്രൈസ്തവ വിശ്വാസം വരും തലമുറയിലേക്കു കൈമാറ്റം ചൈയ്യപ്പെടാൻ ഇത് ആവശ്യമാണെന്നും മാർപാപ്പ എല്ലാവരേയും ഓർമപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ