ഫ്രാങ്ക്ഫർട്ട് കേരള സമാജം ഈസ്റ്റർ-വിഷു ആഘോഷം വർണാഭമായി

02:57 AM Apr 24, 2018 | Deepika.com
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ആദ്യ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ഈസ്റ്റർ/വിഷു ആഘോഷം ഏപ്രിൽ 14 ന് ഫ്രാങ്ക്ഫർട്ടിലെ സാൽബൗ നിഡ ഹാളിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറി.

വിശിഷ്ടാതിഥികളായ മൃത്യുജ്ജയ് മിശ്ര (ഇന്ത്യ ടൂറിസം), ഫാ. തോമസ് ഈഴോർമറ്റം, കെ.കെ. നാരായണസ്വാമി എന്നിവർ സമാജം പ്രസിഡന്‍റ് ബോബി ജോസഫ്, ജനറൽ സെക്രട്ടറി കോശി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പ്രാർത്ഥനാ ഗാനാലാപനത്തിനു ശേഷം ബോബി ജോസഫ് സ്വാഗതം പറഞ്ഞു. മൃത്യുജ്ജയ് മിശ്ര ഉദ്ഘാടന പ്രസംഗം നടത്തി. വിശിഷ്ഠാതിഥികളായ ഫാ. തോമസ് ഈഴോർമറ്റം, കെ.കെ. നാരായണസ്വാമി, റോജി വർഗീസ് (മലയാളം സ്കൂൾ) എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

തുടർന്നു കഐസ്എഫ് മലയാളം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഈസ്റ്റർ അവതരണം, ഭാരതനാട്യം, ഗാനാലാപനം, കൃഷ്ണനൃത്തം, അർദ്ധ ശാസ്ത്രീയ നൃത്തം, ജൂണിയർ ഗേൾസിന്‍റെ ബോളിവുഡ് ഡാൻസ്, ലിറ്റിൽ ഗേൾസിന്‍റെ ബോളിവുഡ് നൃത്തം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംയുക്തമായി അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സമാജം അംഗങ്ങൾ ഒരുക്കിയ ഗുട്ടൻ മോർഗൻ അഥവാ ബിസ് മോർഗൻ എന്ന സ്കെച്ച് തുടങ്ങിയവ അരങ്ങേറി.

ഇടവളേയിൽ സമാജം ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും സ്വാദിഷ്ടമായി. സമാജം സെക്രട്ടറി കോശി മാത്യു നന്ദി പറഞ്ഞു. ഫെമിൻ ഹൈദ്രോസ്, മെറിൻ ജോണ്‍ എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു. തുടർന്നു നടന്ന തംബോല നറുക്കെടുപ്പിനുശേഷം ദേശീയഗാനത്തോടെ പരിപാടികൾക്ക് തിരശീല വീണു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ