+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ചിത്രശലഭങ്ങൾ' ലോസ് ആഞ്ചലസിനെ സംഗീത സാന്ദ്രമാക്കി

ലോസ് ആഞ്ചലസ് : മലയാളി സംഘടനയായ "ഓം’ ന്‍റെ ധനശേഖരണാർഥം മലയാളത്തിന്‍റെ വാനന്പാടി കെ.എസ്. ചിത്രയും സംഗീത സംവിധായകനും ഗായകനുമായ ശരത്തും സംഘവും നയിച്ച സംഗീത പരിപാടി "ചിത്ര ശലഭങ്ങൾ’ ലോസ് ആഞ്ചലസിന്‍റെ വാര
ലോസ് ആഞ്ചലസ് : മലയാളി സംഘടനയായ "ഓം’ ന്‍റെ ധനശേഖരണാർഥം മലയാളത്തിന്‍റെ വാനന്പാടി കെ.എസ്. ചിത്രയും സംഗീത സംവിധായകനും ഗായകനുമായ ശരത്തും സംഘവും നയിച്ച സംഗീത പരിപാടി "ചിത്ര ശലഭങ്ങൾ’ ലോസ് ആഞ്ചലസിന്‍റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി.

ശനിയാഴ്ച വൈകിട്ട് നോർവാക്കിലെ എക്സൽസിയർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, സെമി ക്ലാസിക്കൽ ഗാനങ്ങളിലൂടെ ചിത്രയ്ക്കൊപ്പം യുവ ഗായകരായ നിഷാദ്, രൂപ രേവതി എന്നിവരും ശ്രോതാക്കളെ സംഗീതത്തിൽ ആറാടിച്ചു.

ഫ്രീഡിയ എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ അമേരിക്കയിലെത്തിയ സംഘത്തിന്‍റെ ഒന്നരമാസം നീണ്ടുനിൽക്കുന്ന അമേരിക്കൻ പര്യടനത്തിലെ ആദ്യ പരിപാടിയായിരുന്നു ലോസ് ആഞ്ചലേസിലേത്. വയലിൻ സംഗീതത്തിലൂടെ രൂപ രേവതി അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യുഷൻ ശ്രദ്ധിക്കപ്പെട്ടു. ശെൽവ (ഡ്രം), സുശാന്ത്, ഷൈനു സത്യദാസ് (കീ ബോർഡ്),സുദേന്ദു (ഗിത്താർ), ഹരി, ഗണേഷ് (തബല), റിൻസണ്‍ (ഓടക്കുഴൽ), മലമറി ശശി (തകിൽ), എന്നിവരും മികവു പുലർത്തി. സൗണ്ട് എൻജിനിയർ ടെന്നിസണ്‍, വീഡിയോ ഗ്രാഫർ സുഭാഷ് എന്നിവരും സംഘത്തിലുണ്ട്.

വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറം ചെയർമാൻ സ്വാമി വിഗ്യാനാനന്ദ നിലവിളക്കു തെളിച്ചു തുടങ്ങിയ പരിപാടിയിൽ ചിത്ര, ശരത്, സ്വാമി വിഗ്യാനാനന്ദ, പരിപാടിയുടെ സ്പോണ്‍സറായ മാത്യു തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നൃത്ത കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഈ വർഷം മുതൽ ശിവം എന്നപേരിൽ ഓം നടത്താനുദ്ദേശിക്കുന്ന പരിപാടിയുടെ ലോഗോ ചിത്ര പ്രകാശനം ചെയ്തു.

സംഗീത പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഓം പ്രസിഡന്‍റ് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ, ഡയറക്ടർ രവി വെള്ളത്തിരി, ഫ്രീഡിയ എന്‍റർടൈൻമെന്‍റ് പ്രസിഡന്‍റ് ഡോ. ഫ്രീമു കെ. വറുഗീസ്, മാനേജിംഗ് ഡയറക്ടർ ഡയസ് ദാമോദരൻ എന്നിവർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സന്ധ്യ പ്രസാദ്