ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ബ്രിട്ടൻ മാപ്പു പറഞ്ഞു

02:47 AM Apr 24, 2018 | Deepika.com
ലണ്ടൻ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു ലണ്ടനിൽ നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചതിന് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയോടു മാപ്പു പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ ക്ഷമാപണം നടത്തിയത്.

ബ്രിട്ടീഷ് പാർലമെന്‍റ് സ്ക്വയറിലായിരുന്നു സംഭവത്തിനാധാരം. കഠുവ സംഭവത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭകർ ദേശീയ പതാക കീറുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തിരുന്നു. ഇതിനിടെ ചില ഇന്ത്യൻ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണവുമുണ്ടായിരുന്നു. മോദി ന്യൂനപക്ഷങ്ങൾക്കെതിരെ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധത്തിൽ യുകെയിലെ സിഖ് സംഘടനകളും പാക്കിസ്ഥാൻ സംഘടനകളും പങ്കാളികളായിരുന്നു.

ജനങ്ങൾക്ക് സമാധനപരമായി പ്രതിഷേധം നടത്താൻ അവകാശമുണ്ടെങ്കിലും കുറച്ച് പേർ പാർലമെന്‍റ് സ്ക്വയറിൽ ചെയ്ത നടപടിയിൽ തങ്ങൾക്ക് നിരാശയുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ യശ്വർദ്ധൻ കുമാർ സിംഗ് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചിട്ടില്ല. ഭരണകക്ഷി എംപിയായ ബോബ് ബ്ലാക്ക് മേൻ പ്രതിഷേധത്തിൽ അപലപിക്കാൻ പാർലമെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ