ബർലിൻ: ജർമനിയിലെ നിക്ഷേപക വിശ്വാസ സൂചികയിൽ വൻ തകർച്ച. 2012 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സൂചിക പതിച്ചിരിക്കുന്നത്. ആഗോള തലത്തിൽ യുഎസ് നിലപാടുകൾ കാരണമുള്ള വ്യാപാര നിയന്ത്രണങ്ങൾ സംബന്ധിച്ച ആശങ്കയാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ മാസം 5.1 ആയിരുന്ന സൂചിക ഇപ്പോൾ -8.2 എന്ന നിലയിലേക്കാണ് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ജർമൻ സന്പദ് വ്യവസ്ഥ മാന്ദ്യം നേരിടാനുള്ള സാധ്യതയും ഇതിൽ നിരീക്ഷിക്കുന്നു.
യുഎസുമായി യൂറോപ്പും ചൈനയും അടക്കം തുടരുന്ന വ്യാപാര സംഘർഷങ്ങളും സിറിയയിലെ വർധിച്ചു വരുന്ന പ്രതിസന്ധിയും നിക്ഷേപകരുടെ വിശ്വാസം കുറയ്ക്കുകയാണ്. എന്നാൽ, വിദഗ്ധരുടെ പ്രവചനത്തെക്കാൽ ആഴമേറിയ തകർച്ചയാണ് സൂചികയിൽ രേഖപ്പെടുത്തിയത്. -1.5 പോയിന്റിലേക്കു താഴുമെന്ന കരുതിയിടത്താണ് -8.5 എന്ന നിലയിലായത്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്ത സമയത്താണ് ഇതിനു മുൻപ് സൂചിക അപകടകരമായ നിലയിലേക്കു താഴ്ന്നിട്ടുള്ളത്. 2012 നവബറിലെ യൂറോസോണ്‍ പ്രതിസന്ധിയുടെ കാലത്താണ് റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയത്, -15.7.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ നിക്ഷേപക വിശ്വാസം കുത്തനെ ഇടിയുന്നു
11:49 PM Apr 18, 2018 | Deepika.com