ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധി രാജു ജോര്‍ജിന് ആദരവ്

04:59 PM Apr 17, 2018 | Deepika.com
തിരുവനന്തപുരം: ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ മലയാളി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ രാജു ജോര്‍ജിനെ ആദരിച്ചു. വര്‍ഷങ്ങക്ക് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരളാ സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് ആദരം നല്കുന്ന വേദിയില്‍ വച്ചാണ് കോട്ടയം കുറവിലങ്ങാട് സ്വദേശി രാജു ജോര്‍ജിനേയും ആദരിച്ചത്.

ഇംഗ്ലണ്ടില്‍ മലയാളി കുട്ടികളുടെ കായികക്ഷമത ലക്ഷ്യമാക്കി ഫുട്‌ബോള്‍ പരിശീലനമെന്ന ആശയമിടുകയും ഇപ്പോള്‍ നാൽപ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാദമി പരിശീലനം നല്കി വരികയും ചെയ്യുന്നുണ്ട്. കായിക മന്ത്രി എ.സി മൊയ്തീന്‍ മൊമെന്‍റോ നല്കി
രാജുവിനെ ആദരിച്ചു.

കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പിന്നാലെ ഓടിപ്പായുന്ന കാലഘട്ടത്തില്‍ കായികക്ഷമതയ്ക്കായി പ്രത്യേക പരിഗണന നല്കുന്ന ഈ പ്രവാസി കൂട്ടായ്മ ഏറെ ശ്രദ്ധേയമാണെന്നു കായികമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി ദാസന്‍, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ മേത്തര്‍, കേരളാ കോച്ച് സതീവന്‍ ബാലന്‍, ക്യാപ്റ്റൻ രാഹുല്‍ ആര്‍. രാജ്, കോച്ച് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ പരിശീലനത്തിന് മാനേജര്‍ ജോസഫ് മുള്ളന്‍കുഴി, അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, ബൈജു മേനാച്ചേരി ചാലക്കുടി, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.