+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേഹിത മാഗസിൻ പ്രകാശനം ചെയ്തു

ജിദ്ദ: തനിമ ജിദ്ദ സൗത്ത് സോണ്‍ വനിത വിഭാഗത്തിനു കീഴിൽ പ്രവാസി വനിതകളുടെ ഉൾതുടിപ്പുകൾക്കും സ്വപ്നങ്ങൾക്കും നിറം പകർന്ന ഭാവനകൾക്കും ചിറക് വിരിച്ച് സ്നേഹിത മാഗസിൻ പുറത്തിറങ്ങി. ശറഫിയ ലക്കി ദർബാർ ഓഡി
സ്നേഹിത മാഗസിൻ പ്രകാശനം ചെയ്തു
ജിദ്ദ: തനിമ ജിദ്ദ സൗത്ത് സോണ്‍ വനിത വിഭാഗത്തിനു കീഴിൽ പ്രവാസി വനിതകളുടെ ഉൾതുടിപ്പുകൾക്കും സ്വപ്നങ്ങൾക്കും നിറം പകർന്ന ഭാവനകൾക്കും ചിറക് വിരിച്ച് സ്നേഹിത മാഗസിൻ പുറത്തിറങ്ങി.

ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ റയാൻ പോളിക്ലിനിക്കിലെ ഡോ. വിനീത പിള്ള കലാസാഹിതി ലേഡീസ് കണ്‍വീനർ സലീന മുസാഫിറിന് ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഇലക്ട്രോണിക് മീഡിയ അരങ്ങുവാഴുന്ന പുതിയ കാലത്ത് പ്രവാസി സ്ത്രീകളുടെ സർഗാത്മകതയേയും വായനയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് തനിമ വനിത വിഭാഗം തുടക്കമിട്ട ഇത്തരമൊരു സംരംഭം മികച്ച പ്രോത്സാഹനമർഹിക്കുന്നതാണെന്നു ഡോ.വിനീത പിള്ള പറഞ്ഞു. സ്ത്രീകളുടെ മാത്രം നേതൃത്വത്തിൽ ഒരു മാഗസിൻ എന്തുകൊണ്ടും അഭിമാനിക്കാൻ വകനൽകുന്ന ഒന്നാണെന്നു പുസ്തകം ഏറ്റുവാങ്ങിയ സലീന മുസാഫിർ അഭിപ്രായപ്പെട്ടു. ഉള്ളടക്കവും രൂപീകരണ നാൾവഴികളും വിശദമാക്കി മാഗസിൻ സമർപ്പണം നടത്തി സ്നേഹിത എഡിറ്റർ ശഹർബാൻ നൗഷാദ് സംസാരിച്ചു.

തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കാലഘട്ടത്തിന് അനിവാര്യമായ വായന എന്ന വിഷയത്തിൽ അൽവുറൂദ് വൈസ് പ്രിൻസിപ്പൽ ബുഷ്റ ടീച്ചറും തടയിടപ്പെടുന്ന പെണ്‍ സർഗാത്മകത എന്ന വിഷയത്തിൽ മാനവീയം വനിത പ്രസിഡന്‍റ് ഷിജി രാജീവും സംസാരിച്ചു. നവോദയ കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ശഹീബ ബിലാൽ, തനിമ നോർത്ത് സോണ്‍ വനിത വിഭാഗം പ്രസിഡന്‍റ് വി. മുംതാസ്, സാഹിത്യകാരി റജീന നൗഷാദ് എന്നിവർ പ്രസംഗിച്ചു. തനിമ വനിതാ കലാവേദി ടീം അവതരണ ഗാനവും ഹെന്ന & ടീം ഖവാലിയും അവതരിപ്പിച്ചു. റബീഅ ഷമീം ഗാനമാലപിച്ചു.

ശഹർബാൻ നൗഷാദ്, ഷീജ അബ്ദുൽബാരി, നിഹാൽ അബ്ദുൽബാരി, റജീന ബഷീർ എന്നിവർക്ക് ഉപഹാരം നൽകി. തനിമ ജിദ്ദ സൗത്ത്സോണ്‍ വനിത പ്രസിഡന്‍റ് റുക്സാന മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽബാരി സ്വാഗതവും മുഹ്സിന കെ കെ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ