നോട്ടിംഗ്ഹാം വാഹനാപകടം: ഡ്രൈവർമാർക്കു തടവു ശിക്ഷ

07:30 PM Mar 24, 2018 | Deepika.com
ലണ്ടൻ: ബ്രിട്ടനിലെ നോട്ടിംഗ്ഹാമിൽ മലയാളികൾ ഉൾപ്പെടെ എട്ടുപേർ മരിച്ച വാഹനാപകടത്തിൽ രണ്ടു ട്രക്ക് ഡ്രൈവർമാർക്കു കോടതി തടവു ശിക്ഷ വിധിച്ചു. പോളണ്ട് സ്വദേശി റിസാർഡ് മസിയേറാ (31), ബ്രിട്ടീഷ് പൗരൻ ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പോളണ്ട് സ്വദേശിക്ക് 14 വർഷവും ബ്രിട്ടീഷ് പൗരന് മൂന്നര വർഷവുമാണു തടവ്. ഇരുവർക്കും ഡ്രൈവിംഗിനു വിലക്കും ഏർപ്പെടുത്തി.

കഴിഞ്ഞ ഓഗസ്റ്റ് 26 നുണ്ടായ അപകടത്തിൽ പാലാ ചേർപ്പുങ്കൽ സ്വദേശി സിറിയക് ജോസഫ് (ബെന്നി-50), വിപ്രോയിൽ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുന്പപ്പുഴ സ്വദേശി ഋഷി രാജീവ് (27) എന്നീ മലയാളികളാണു മരിച്ചത്. ബെന്നി ഓടിച്ചിരുന്ന മിനി ബസ്, നിർത്തിയിട്ട ട്രക്കിനും പിന്നാലെയെത്തിയ മറ്റൊരു ട്രക്കിനുമിടയിൽ ഞെരിഞ്ഞമരുകയായിരുന്നു. മസിയേറാ മദ്യലഹരിയിലും വാഗ്സ്റ്റാഫ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുമാണ് വാഹനമോടിച്ചിരുന്നതെന്നു കോടതി കണ്ടെത്തി.

രണ്ടു ഡ്രൈവർമാരുടെയും അശ്രദ്ധ അഞ്ചു കുടുംബങ്ങൾക്ക് സമ്മാനിച്ചത് തീരാവേദനയാണെന്ന് ക്രൗണ്‍ പ്രോസിക്യൂഷൻ സർവീസിൽ ലൂയീസ് അട്രിൽ വിലയിരുത്തി. അപകടം നടക്കുന്നതിനു മുന്പു 12 മിനിറ്റോളം മസായിറെകിന്‍റെ ട്രക്ക് ലൈനിൽ നിർത്തിയിട്ടിരുന്നതായി കോടതി കണ്ടെത്തി. അതീവ ഗുരുതരമായ ഈ പ്രവർത്തിയാണ് എട്ടു ജീവനുകൾ പൊലിയുന്ന അപകടത്തിനു കാരണമായതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഡിസ്നിലാൻഡ് കാണാൻ പാരീസിലേക്ക് 11 ഇന്ത്യക്കാരുമായി പോവുകയായിരുന്നു ബെന്നി ഓടിച്ചിരുന്ന മിനിബസ്. റിഷി രാജീവ് കുമാർ സിറിയക് ജോസഫ്, പനീർശെൽവം അണ്ണാമലൈ, വിവേക് ഭാസ്കരൻ, ലാവണ്യലക്ഷ്മി സീതാരാമൻ, കാർത്തികേയൻ രാമസുബ്രഹ്മണ്യൻ, സുബ്രഹ്മണ്യൻ അരസെൽവൻ, തമിഴ്മണി അരസെൽവൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ. നാലു വയസുള്ള പെണ്‍കുട്ടി അടക്കമുള്ളവർക്ക് പുലർച്ചെ മൂന്നോടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ