വിയന്ന: ശാലോം മീഡിയ ഓസ്ട്രിയ ഒരുക്കുന്ന വചനവേദി ’ശാലോം മീറ്റ് 2018’ ജൂണ്‍ 6, 7, 8, 9 തീയതികളിൽ നടക്കപ്പെടും. ശാലോം മീറ്റിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യദിനശുശ്രുഷകൾ ജൂണ്‍ 6 ബുധനാഴ്ച വൈകിട്ട് 6 മുതൽ 22 ജില്ലയിലെ എസ്ലിംഗ് ദേവാലയത്തിൽ വച്ചും തുടർന്ന് വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ 22 ജില്ലയിലെ തന്നെ സ്റ്റാട്ട്ലവ് ദേവാലയത്തിലും നടക്കപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 20 വരെയും ശനി രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 5 വരെയുമാണ് പരിപാടി നടത്തപ്പെടുക.
വർഷങ്ങളായി ശാലോമിന്റെ വിവിധ പ്രോഗ്രാമുകളിലും അമേരിക്കയിലും മറ്റനവധി രാജ്യങ്ങളിലും വചനപ്രഘോഷണം നടത്തിവരുന്ന വചനപ്രഘോഷകനായ ഫാ. ജിൽട്ടോ ജോർജ്, ശാലോം സ്ഥാപകനേതാവും ചെയർമാനുമായ ഷെവ. ബെന്നി പുന്നത്തറ എന്നിവരാണ് ഈ വർഷത്തെ ശാലോം മീറ്റിനു നേതൃത്വം നൽകുന്നത്. പ്രശസ്ത ഗായകനായ സിബി തോമസ് ഗാനശുശ്രുഷകൾ നയിക്കും.
ജർമ്മൻ ഭാഷാരാജ്യങ്ങളായ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റസർലൻഡ് എന്നീ രാജ്യങ്ങളിലെ സഭയുടെ ചരിത്രത്തിൽ ഒരു നൂതനദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് 2016ൽ ശാലോം ടൈംസിന്റെ ജർമ്മൻ പതിപ്പിന് തുടക്കം കുറിച്ചിരുന്നു. ഇപ്പോൾ ജർമ്മൻ ഭാഷയിൽ ആദ്യത്തെ വചനവേദി ഒരുക്കിയാണ് ശാലോം മീറ്റ് ഈ വർഷം ശ്രദ്ധേയമാക്കുന്നത്. ജൂണ്‍ 7 വ്യഴാഴ്ച ഉച്ചകഴിഞ്ഞു 5.30 മുതൽ 8.30 വരെ സ്റ്റാറ്റ്ലൗ ദേവാലയത്തിൽ തന്നെയാണ് ഓസ്ട്രിയകാർക്ക് വേണ്ടിയുള്ള ആദ്യ ജർമ്മൻ ശുശ്രുഷയും ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ 2, 3 തീയതികളിൽ സ്വിറ്റസർലൻഡിലും നടത്തപ്പെടുന്ന ശാലോം മീറ്റിന്റെയും നേതൃത്വം വഹിക്കുന്ന ശാലോം ടീം മെയ് 29 മുതൽ ജൂണ്‍ 11 വരെ വിയന്നയിൽ ഉണ്ടായിരിക്കുന്നതാണ്. ശാലോം മീറ്റിലേക്കു എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി
വിയന്നയിൽ ശാലോം മീറ്റ് ജൂണിൽ
11:59 PM Mar 22, 2018 | Deepika.com