ഗാൾവേ(അയർലൻഡ്): ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷയും സുറിയാനി സഭയെ ദീഘകാലം സത്യവിശ്വാസത്തിൽ നയിച്ച പിതാക്ക·ാരായ പരി. മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ, പരി. സ്ലീബാ മോർ ഒസ്ത്താത്തിയോസ് ബാവ, അഭി. കുര്യാക്കോസ് മോർ കൂറീലോസ് തിരുമേനി എന്നിവരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും മാർച്ച് 24 ശനിയാഴ്ച രാവിലെ 9ന് നടത്തപ്പെടും.
കർത്താവിന്റെ യെരുശലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിക്കുന്നതാണ് ഓശാനയുടെ ശുശ്രൂഷകൾ. പരി. മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവ 1980 മുതൽ 2014 വരെ ആകമാന സുറിയാനിസഭയെ ഭരിച്ചിരുന്ന 122ാമത്തെ അന്ത്യോഖ്യായുടെ പാത്രിയർക്കീസ് ബാവായാണ്. പരി. പിതാവ് 2014 മാർച്ച് 21നു ജർമ്മിനിയിൽ വച്ചു കാലംചെയ്തു. സിറിയയിലെ ഡമാസ്കസിലുള്ള പാത്രിയർക്കൽ അരമനയിൽ മുൻഗാമികളുടെ നിരയിൽ കബറടക്കപ്പെട്ടു.
പരി. സ്ലീബാ മോർ ഒസ്ത്താത്തിയോസ് ബാവ ശെമ്മാശനായിരിക്കുന്പോൾ പാത്രിയർക്കാ പ്രതിനിധി അഭി. ശെമവൂൻ മോർ അത്താനാസിയോസ് തിരുമേനിയോടൊപ്പം 1881ൽ മലങ്കരയിൽ എത്തുകയും 1889ൽ പാത്രിയർക്കാ പ്രതിനിധിയുടെ അകാലനിര്യാണത്തെത്തുടർന്ന് മലങ്കരയിലുടനീളം സുവിശേഷീകരണത്തിനായി പുറപ്പെടുകയും ചെയ്തു. 1906 ൽ തിരികെച്ചെല്ലാനുള്ള പരി. പാത്രിയർക്കീസ് ബാവായുടെ കൽപ്പന ലഭിക്കുകയും 25 വർഷത്തെ മലങ്കരയിലെ ആത്മീയ ജീവിതത്തിനു ശേഷം ഇറാഖിലുള്ള ദയറായിലേക്കു മടങ്ങിപ്പോകുകയും ചെയ്തു . തുടർന്ന് വൈദീകനായും റന്പാനായും ഉയർത്തപ്പെട്ട അദ്ദേഹം 1908ൽ സ്ലീബാ മോർ ഒസ്ത്താത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായും തുടർന്ന് ഭാരതത്തിലെ പാത്രിയർക്കാ പ്രതിനിധിയായും നിയമിക്കപ്പെട്ടു വീണ്ടും മലങ്കരയുടെ മണ്ണിൽ ആഗതനായി. മലങ്കരയിലെ വിവിധ ദേവാലയങ്ങൾക്കു തുടക്കമിട്ട പരി. പിതാവ് 1930 മാർച്ച് 19ന് കാലം ചെയ്തു ആർത്താറ്റ് സെൻറ് മേരീസ് സിംഹാസന പള്ളിയിൽ കബറടക്കപ്പെടുകയും 2000മാണ്ടിൽ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും 2008 മുതൽ അദ്ദേഹത്തിന്റെ നാമം വി. കുർബാനമധ്യേ അഞ്ചാം തുബ്ദെനിൽ സ്മരിക്കപ്പെടുകയും ചെയ്യുന്നു.
കൊല്ലം, നിരണം, തുന്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി 1974ൽ പരി. പാത്രിയർക്കീസ് ബാവായാൽ വാഴിക്കപ്പെട്ട അഭി. കുര്യാക്കോസ് മോർ കൂറീലോസ് മെത്രാപ്പോലീത്ത തെക്കൻ ഭദ്രാസനങ്ങളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചുനിർത്താൻ തീവ്രപരിശ്രമം നടത്തി. സ്വന്തം കുടുംബവിഹിതം പോലും സഭയുടെ വളർച്ചക്കായി ചെലവഴിച്ച തിരുമേനി സണ്‍ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ അമരക്കാരനായി ദീർഘനാൾ ശുശ്രൂഷിച്ചു. അഭി. പിതാവ് 1995 മാർച്ച് 21 ന് കാലം ചെയ്തു അടൂർ ദയറായിൽ കബറടക്കപ്പെട്ടു.
മാർച്ച് 24ന് വി. കുർബാനയ്ക്കും ഓശാനയുടെ പ്രത്യേക ശുശ്രൂഷകൾക്കും വന്ദ്യ. കുരിയൻ പുതിയപുരയിടം കശീശാ കാർമ്മികത്വം വഹിക്കുന്നതാണെന്ന് വികാരി ജോബിമോൻ സ്കറിയ കശീശ അറിയിച്ചു. വി .കുർബാനയ്ക്ക് ശേഷം പരി. പിതാക്കമാരുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക ധൂപപ്രാർത്ഥനയും നേർച്ചവിളന്പും ഉണ്ടായിരിക്കുന്നതാണെന്നു ട്രസ്റ്റി വിനോദ് ജോർജ്, സെക്രട്ടറി .ബിജു തോമസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: നോബി സി. മാത്യു
ഗാൾവേ പള്ളിയിൽ ഓശാന ശുശ്രൂഷയും പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും
11:20 PM Mar 22, 2018 | Deepika.com