സ്വിറ്റ്സർലൻഡിലെ ഇതര വനിതാ പ്രസ്ഥാനങ്ങളിലെ ഭാരവാഹികളും അംഗങ്ങളും സുഹൃത്തുക്കളും ലോകവനിതാ ദിനത്തിൽ ഒന്നിച്ചുകൂടിയ യോഗത്തിൽ മുഖ്യാതിഥികളായ പ്രിയങ്ക സിംഗ്, വേൾഡ് മലയാളി വനിതാ ഫോറം പ്രസിഡന്റ് മോളി പറന്പേട്ട്, ബി. ഫ്രണ്ഡ്സ് വനിതാ ഫോറം കോർഡിനേറ്റർ ജൂബി ആലാനിക്കൽ, ആതിഥേയരായ സ്വിസ്കേരളാ വനിതാ ഫോറം പ്രസിഡന്റ് ലീനക്കുളങ്ങര, സെക്രട്ടറി അനു ലിപിൻ എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു ലോക വനിതാദിനം ഉദ്ഘാടനം ചെയ്തു.
ലോക വനിതാ ദിനത്തിൽ സീനിയർ സിറ്റിസണ്‍ഷിപ്പ് വനിതകളെ സ്വിസ് കേരള വനിതാ ഫോറം ആദരിക്കുകയുണ്ടായി. ഇവർ ഓരോരുത്തരും പങ്കുവച്ച ജീവിതാനുഭവങ്ങൾ യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഒരു പാട് ചിന്തിപ്പിക്കുന്നവയായിരുന്നു. തുടർന്നുള്ള പ്രഭാഷണത്തിൽ പ്രിയങ്കാ സിംഗ് ആഗോളതലത്തിലുള്ള സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും ഭാരതീയ സ്ത്രീ ശാക്തീകരണ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
ലെനി ദിലീപ്, റോസ് മേരി, ജസീന്ത ബാബു, ലിൻസി കാശം കാട്ടിൽ എന്നിവരുടെ മധുരമേറിയ ഗാനാലാപനം വനിതാ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പരിപാടിയുടെ മോഡറേഷൻ നിർവഹിച്ച അനിമരിയ സിറിയക് തന്റെ കവിത എല്ലാവർക്കുമായി പങ്കുവച്ചത് തികച്ചും വേറിട്ട ഒരു അനുഭവമായി തീർന്നു. തുടർന്ന് സ്വിസ് കേരള വനിതാ ഫോറം അംഗങ്ങൾ ഒരുക്കിയ രുചികരമായ ഭക്ഷണത്തോടൊപ്പം ഈ വർഷത്തെ വനിതാ ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ