വത്തിക്കാൻസിറ്റി: കേരള ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യൂറോപ്പിൽ സന്ദർശനം നടത്തുന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തി.
മാർച്ച് 14 ന് രാവിലെ പാപ്പായുടെ ബുധനാഴ്ചത്തെ പൊതുസന്ദർശന (ജനറൽ ഓഡിയൻസ്) പരിപാടിയ്ക്കിടയിലാണ് മന്ത്രിയ്ക്ക് പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ബുധനാഴ്ചയിലെ സന്ദർശനത്തിൽ വിശിഷ്ടാതിഥികൾക്കുള്ള വേദിയുടെ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരുന്ന മന്ത്രിയ്ക്ക് പൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പായുമായി അടുത്തു കാണാനും നേരിട്ടു സംസാരിക്കുവാനും സാധിച്ചത് വലിയൊരനുഗ്രഹമായെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടയിൽ പാപ്പായെ കേരളത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും മന്ത്രി കൈമാറി. കേരളത്തിന്റെ സാംസ്കാരിക പാരന്പര്യം വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ രൂപവും, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയും (കാറ്റലോഗ്) കേരളത്തിന്റെ സമ്മാനമായി മന്ത്രി പാപ്പായ്ക്ക് സമർപ്പിച്ചു. മന്ത്രിയ്ക്കൊപ്പം ഭാര്യ സുലേഖയും ഉണ്ടായിരുന്നു.
പാപ്പാ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്നേഹപൂർവ്വം സ്വീകരിക്കുകയും കേരളത്തിനെകുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും ചെയ്തു.
സമൂഹത്തിലെ സാധാരണക്കാർക്കും പാവങ്ങൾക്കും, പാർശ്വവൽക്കരിയ്ക്കപ്പെട്ടവർക്കും അഭയാർത്ഥികൾക്കും വേണ്ടി എന്നും ശബ്ദമുയർത്തുന്ന പാപ്പായുടെ മാനുഷിക പ്രതിബദ്ധതയിൽ ലോകം പാപ്പായെ നമസ്ക്കരിക്കുന്നത് ഉചിതമായ കാരണമാണെന്നും അതുകൊണ്ടു തന്നെ പാപ്പാ ജനമനസുകളിൽ ഏറെ പ്രിയപ്പെട്ട ഒരു അമൂല്യ വ്യക്തിത്വമാണെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ വാർത്താവിഭാഗത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. മാർപാപ്പായുടെ പ്രബോധനങ്ങൾ ലോകത്തെ സമാധാനത്തിലേയ്ക്കു നയിക്കുന്ന ഘടകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാർച്ച് ഏഴുമുതൽ 11 വരെ ബർലിനിൽ നടന്ന ലോക ടൂറിസം മേളയായ ബർലിൻ ഐടിബിയിൽ മന്ത്രി കടകംപള്ളി എത്തിയിരുന്നു. തുടർന്ന് ഫ്രാൻസിലും ഇറ്റലിയിലെ മിലാനിലും എത്തി കേരള ടൂറിസം പ്രമോഷന്റെ ഭാഗമായുള്ള റോഡ്ഷോയിലും പങ്കെടുത്ത ശേഷമാണ് മന്ത്രി വത്തിക്കാനിലെത്തിയത്. 2002 ൽ പിണറായി വിജയൻ വത്തിക്കാൻ സന്ദർശിച്ചപ്പോൾ അന്നത്തെ മാർപാപ്പയായിരുന്ന കാലം ചെയ്ത ജോണ് പോൾ രണ്ടാമൻ പാപ്പയെ നേരിൽക്കണ്ടിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വത്തിക്കാനിൽ
11:41 PM Mar 15, 2018 | Deepika.com