ലണ്ടൻ: ചാൾസ് ഡാർവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള 10 പൗണ്ട് നോട്ടുകൾ മാറ്റിയെടുക്കുവാനുള്ള സമയ പരിധി ഫെബ്രുവരി 28 ന് അവസാനിച്ചു. പകരം ജെയിൻ ഓസ്റ്റിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ പോളിമർ നോട്ടുകൾ സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
മാർച്ച് ഒന്നു മുതൽ ഒരു കടകളിലും പഴയ നോട്ടുകൾ സ്വീകരിക്കുന്നതല്ല. എന്നാൽ ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ മാത്രമായിരിക്കും പഴയ നോട്ടുകൾ മാറിയെടുക്കുവാനുള്ള അവസരം. ബാങ്കിന്റെ കണക്കനുസരിച്ച് 211 മില്യണ് പഴയ നോട്ടുകൾ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല.
ഇതിനു മുന്പ് സാമൂഹ്യ പരിഷ്കർത്താവായിരുന്ന എലിസബത്ത് ഫ്രൈയുടെ ചിത്രം ആലേഖനം ചെയ്ത 5 പൗണ്ട് നോട്ടുകൾ പിൻവലിച്ച് വിൻസ്റ്റൻ ചർച്ചിലിന്റെ ചിത്രം ആലേഖനം ചെയ്ത പോളിമർ നോട്ടുകൾ രാജ്യത്ത് പുറത്തിറക്കിയിരുന്നു. 2020ൽ ഇരുപതിന്റെ പോളിമർ നോട്ടുകൾ നിലവിൽ വരുമെനും 2011ൽ പുറത്തിറക്കിയ 50 പൗണ്ടിന്റെ നോട്ടുകൾ അതേപടി തുടരുമെന്നും ബാങ്ക്.
പുതിയ പത്ത് പെൻസ് നാണയങ്ങൾ ഉടനെ വിനിമയത്തിനെത്തും. ബ്രിട്ടീഷ് ജനതയുടെ ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന 26 നാണയങ്ങളാണ് പ്രചാരത്തിലെത്തും. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ ഇസ്ഡ് വരെയുള്ള അക്ഷരങ്ങൾ ആലേഖനം ചെയ്ത 10 പെൻസ് നാണയങ്ങളാണ് പുറത്തിറങ്ങുന്നത്.
A വടക്കിന്റെ മാലാഖ, B- ജയിംസ് ബോണ്ട്, C- ക്രിക്കറ്റ്, Q - ക്യൂ, H- ഹൗസ് ഓഫ് പാർലമെന്റ് , I- ഐസ് ക്രീം, O- ഓക്ക് ട്രീ, P- പോസ്റ്റ് ബോക്സ്, V- വില്ലേജ്, Z- സീബ്രാ ക്രോസ് എന്നിങ്ങനെയാണ് ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ഇംഗ്ലണ്ടിൽ പഴയ പത്ത് പൗണ്ട് നോട്ടുകൾ മാറ്റാനുള്ള സമയ പരിധി അവസാനിച്ചു
11:38 PM Mar 15, 2018 | Deepika.com