ലണ്ടൻ: യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇൻക്രഡിബിൾ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്സ് ഓണ്‍ കണ്ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന "കേരളാ പൂരം 2018'നോടനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്ട്രേഷന് അപേക്ഷകൾ ക്ഷണിക്കുന്നതായി പ്രോഗ്രാം കമ്മറ്റി ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
ബ്രിട്ടണിൽ നിന്നുമുള്ള ടീമുകൾക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളുടെ ടീമുകൾ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകൾക്ക് ഫീസിനത്തിൽ ഇളവുകളുണ്ട്.
ഓരോ ബോട്ട് ക്ലബ്ബുകൾക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകൾ, വിവിധ സ്പോർട്ട്സ് ക്ലബ്ബുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവർക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം മത്സരം നടത്തപ്പെട്ട അതേ മോഡൽ വള്ളങ്ങൾ തന്നെയാവും മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്.
ഓരോ ടീമിലും 20 അംഗങ്ങൾ ഉള്ളതിൽ 16 പേർക്കാവും മത്സരം നടക്കുന്പോൾ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേർ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ൽ 10 ആളുകളും മത്സരത്തിനിറങ്ങുന്പോളുള്ള 16ൽ 8 പേരും മലയാളികൾ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളർന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതിൽ ഉൾപ്പെടും. മത്സരത്തിനുള്ള ടീമുകളിൽ പുരുഷവനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേർക്കാവുന്നതാണ്.
കേരളത്തിന്റെ സാംസ്കാരിക പാരന്പര്യം ഉയർത്തിപ്പിടിക്കുന്പോൾ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തിൽ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാൽ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകൾ മറ്റ് ഏത് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരെയും ഉൾപ്പെടുത്താവുന്നതാണ്. ബ്രിട്ടണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാർ ഉള്ളതിനാൽ തന്നെ ഏത് എത്നിക് വിഭാഗത്തിലുള്ളവരെയും ടീമുകളിൽ ഉൾപ്പെടുത്താവുന്നതാണ്.
ബോട്ട് ക്ലബ്ബുകൾക്ക് ഇഷ്ടമുള്ള കുട്ടനാടൻ ഗ്രാമത്തിന്റെ പേര് രജിസ്റ്റർ ചെയ്യുന്പോൾ ആവശ്യപ്പെടാവുന്നതാണ്. പേര് നൽകുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വർഷം ബോട്ട് ക്ലബുകൾ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാൽ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകൾ നൽകുന്ന അപേക്ഷകൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
ടീം ഒന്നിന് 250 പൗണ്ട് രജിസ്ട്രേഷൻ ഫീസ്. ഇത് ടീം ക്യാപ്റ്റന്മരാണ് നൽകേണ്ടത്. ടീമിന് സ്പോണ്‍സർമാർ ഉണ്ടെങ്കിൽ അവരുടെ ലോഗോ ജേഴ്സിയിൽ ഉൾപ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകൾക്ക് വിധേയമാണ്.
ടീം രജിസ്ട്രേഷൻ വിവരങ്ങൾക്ക്:
ജയകുമാർ നായർ:07403 223066
ജേക്കബ് കോയിപ്പള്ളി:07402 935193
കേരളാ പൂരം 2018: കൂടുതൽ വിവരങ്ങൾക്ക് മാമ്മൻ ഫിലിപ്പ്: 07885467034, റോജിമോൻ വർഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
യുകെ വള്ളംകളി: 20 അംഗ ടീം രജിസ്റ്റർ ചെയ്യാം, വിദേശ രാജ്യങ്ങളിൽ നിന്നും ടീമുകൾക്ക് ക്ഷണം
11:30 PM Mar 15, 2018 | Deepika.com