ഡബ്ലിൻ: സെന്റ് പാട്രിക്ക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. അയർലൻഡിന്റെ മധ്യസ്ഥനായാണ് വിശുദ്ധ പാട്രിക് അറിയപ്പെടുന്നത്. മാർച്ച് 15 മുതൽ 19 വരെയാണ് ആഘോഷപരിപാടി. അയർലൻഡിനുപുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സെന്റ് പാട്രിക് ആഘോഷപരിപാടികൾ നടക്കുന്നുണ്ട്.
പാന്പുകളെ രാജ്യത്തു നിന്നും പൂർണമായും നിഷ്കാസനം ചെയ്ത വിശുദ്ധ പാട്രിക് അയർലൻഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. മാർച്ച് 15 മുതൽ 5 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടിയിൽ കാർണിവലുകൾ, സംഗീതപരിപാടി, ഡാൻസ്, ഡ്രാമ തുടങ്ങിയവ നടക്കും. എഡി 461 മാർച്ച് 17 നാണ് വിശുദ്ധൻ മരണമടഞ്ഞത്. എല്ലാ വർഷവും അന്നേദിവസമാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ സെന്റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.
പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും മാർച്ച് 17നു നടക്കുന്ന സെന്റ് പാട്രിക്ദിന പരേഡാണ് ആഘോഷങ്ങളിൽ പ്രധാനം. ഈ വർഷം ഡബ്ലിനിൽ പരേഡ് വീക്ഷിക്കാൻ 5 ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയർലൻഡിൽ ഡബ്ലിനു പുറമെ കോർക്ക്, ഗാൽവെ, കിൽക്കെന്നി, ലിംറിക്, വാട്ടർഫോർഡ് തുടങ്ങിയ ഇടങ്ങളിലും പരേഡ് നടക്കും. യൂറോപ്പ്, അമേരിക്ക,ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും പരേഡ് നടക്കുന്നുണ്ട്.
സ്കോട്ട്ലൻഡിൽ ജനിച്ചുവെന്ന് കരുതുന്ന സെന്റ് പാട്രിക് 16 ാം വയസിൽ അടിമപ്പണിക്കായാണ് അയർലൻഡിലെത്തിയത്. ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാർത്ഥനകളിൽ മുഴുകി. പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പൽമാർഗം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് അവിടെ വൈദീകപഠനം പൂർത്തിയാക്കി. തുടർന്ന് ബിഷപ്പായി അയർലൻഡിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവൻ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
ആദ്യ സെന്റ് പാട്രിക്ദിന പരേഡ് നടന്നത് ന്യൂയോർക്കിലായിരുന്നു. 1762 മാർച്ച് 17ന്. തുടർന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. ആയിരക്കണക്കിന് വിദേശിയരാണ് എല്ലാ വർഷവും ആഘോഷങ്ങളിൽ പങ്ക് ചേരാൻ അയർലൻഡിലെത്തുന്നത്.
റിപ്പോർട്ട് : ജയ്സണ് കിഴക്കയിൽ
സെന്റ് പാട്രിക്ക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
11:27 PM Mar 14, 2018 | Deepika.com