വിയന്ന: വിയന്ന: ഓസ്ട്രിയയിൽ സംഗീതത്തിൽ ഗവേഷണം നടത്തുന്ന പ്രമുഖ സംഗീതജ്ഞൻ ഫാ. വിൽസണ് മേച്ചേരിയുടെ ഏറ്റവും പുതിയ ഭക്തിഗാന ആൽബം "കാരുണ്യദീപം’ ഈസ്റ്ററിന് പ്രകാശനം ചെയ്യും. നിരവധി കലാപ്രതിഭകളെ അണിനിരത്തി ഫാ. വിൽസണ് തന്നെയാണ് കൂടുതൽ ഗാനങ്ങളുടെ സംഗീതവും, ആലാപനവും നിർവഹിച്ചിരിക്കുന്നത്.
ഗ്രാമി വിജയിയായിട്ടുള്ള മനോജ് ജോർജ്, സിനിമ സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസ് (ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ഫെയിം), ലതിക ടീച്ചർ (കാതോട് കാതോരം ഫെയിം), ലല്ലൂ അനൂപ്, പ്രദീപ് ടോം, ആൻ ആമി, റെക്കോർഡിസ്റ്റ് ജിസ്റ്റോ ജോർജ് തുടങ്ങിയവരുടെ സംഭാവനകൾ കൊണ്ട് ശ്രദ്ധേയവുമാണ് കാരുണ്യദീപം.
സാധാരണ സംഗീത ആൽബങ്ങൾ നിർമ്മിക്കുന്ന നിലവാരത്തിൽ നിന്നും മാറി വളരെ ഉന്നത നിലവാരത്തിലാണ് ഗാനങ്ങൾ റെക്കോർഡ് ചെയ്തിരിക്കുന്നതെന്നും വ്യത്യസ്ത സംഗീതാനുഭവം പ്രതീക്ഷിക്കുന്നവർക്ക് കാരുണ്യദീപം മുതൽക്കൂട്ടാകുമെന്നും ഫാ. വിൽസണ് പറഞ്ഞു. അതേസമയം സംഗീതത്തിൽ കഴിവുള്ള അനാഥകുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ആൽബം വിപണിയിൽ എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദ് ഇലഞ്ഞിയാണ് ആൽബത്തിന്റെ കോർഡിനേറ്റിംഗ് വർക്കുകൾ നിർവഹിച്ചിരിക്കുന്നത്. കാരുണ്യ മ്യൂസിക് പുറത്തിറക്കുന്ന ആൽബത്തിന്റെ കോസ്പോണ്സർമാർ ഐപിആറും, പ്രോസി മീഡിയയുമാണ്. കേരളത്തിലും വിദേശത്തും സീഡികൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: +918893252034,vinomecheril@gmail.com
റിപ്പോർട്ട്: ജോബി ആന്റണി
സംഗീതജ്ഞൻ ഫാ. വിൽസണ് മേച്ചേരിയുടെ പുതിയ ആൽബം കാരുണ്യദീപം ഈസ്റ്ററിന്
10:45 PM Mar 13, 2018 | Deepika.com