ജർമനി പനികട്ടിലിൽ

11:31 PM Feb 23, 2018 | Deepika.com
ബർലിൻ: ഫെബ്രുവരി ആദ്യവാരം ആരംഭിച്ച പനിക്കാലം ജർമനിയിൽ ശമനമില്ലാതെ തുടരുന്നു. ലാബുകളിൽ സ്ഥിരീകരിച്ച 15,188 ഫ്ളൂ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. അതിശൈത്യത്തിലെ തണുപ്പിനൊപ്പം ജർമൻകാർ വൈറൽ പനിയുമായി കിടക്കയിലാണ്.

ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് 2017 ഡിസംബറിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഫ്ളൂ ബാധയാണിത്. രോഗം ബാധിച്ചവരിൽ 12 ശതമാനം പേരുടെയും സ്ഥിതി ഗുരുതരമായിരുന്നു. ഇതിലേറെയും കുട്ടികളാണ്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന കേസുകളാണ് ഗുരുതരമായി ഇവിടെ കണക്കാക്കിയിരിക്കുന്നത്.

സ്കൂളുകളിലും കിന്‍റർഗാർഡനുകളിലുമായാണ് ഏറ്റവുമധികം ഫ്ളൂ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്‍റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ജോലിയുള്ള മാതാപിതാക്കളും. കുട്ടിക്ക് അസുഖമാണെങ്കിൽ മാതാപിതാക്കൾക്ക് അവധിയെടുക്കാൻ ജർമൻ നിയമത്തിൽ വ്യവസ്ഥയുള്ളതാണെങ്കിലും ഇതിന്‍റെ പ്രയോജനം പലർക്കും കിട്ടുന്നില്ല. 12 വയസിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കാണ് ഈ ആനുകൂല്യം. ദത്തെടുത്ത കുട്ടികൾക്കും പങ്കാളിയുടെ കുട്ടികൾക്കും നിയമം ബാധകമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ