പ്രവാസി സാഹിത്യ പുരസ്കാരം ജർമൻ മലയാളിക്ക്

12:47 AM Feb 23, 2018 | Deepika.com
ബർലിൻ: പ്രവാസി മലയാളി വെൽഫെയർ അസാസിയേഷൻ ഇന്ത്യയുടെ പ്രവാസി സാഹിത്യ പുരസ്കാരത്തിന് ജർമൻ മലയാളിയായ ജയിംസ് പാത്തിക്കൻ അർഹനായി.

ചങ്ങനാശേരി സ്വദേശിയുമായ ജയിംസ് രചിച്ച ഭാരതീയർ പ്രവാസികൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. ഭാരതീയരായ പ്രവാസികളിലെ മാതൃകാ ജീവിതം നയിച്ച പ്രമുഖരുടെ പ്രയത്ന ജീവിതം, വരും തലമുറയ്ക്ക് വെളിച്ചം പകരുമെന്ന അഭിപ്രായമാണ് പുസ്തകത്തിനെ അവാർഡിനായി തെരഞ്ഞെടുത്തത്. അക്ഷീണ പരിശ്രമംകൊണ്ട് ജീവിതത്തിൽ ഉന്നതികൾ കീഴടക്കാമെന്ന് ഇത്തരക്കാരുടെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകർത്താവായ ജയിംസ് പാത്തിക്കൻ പുസ്തകത്തിലൂടെ മറ്റുള്ളവർക്ക് പ്രചോദനമേവുകയാണ് ചെയ്യുന്നതെന്നു അവാർഡ് കമ്മിറ്റി അഭിപായപ്പെട്ടു. പ്രവാസി ഭാരതീയരുടെ ഉന്നമനത്തിനായി കോട്ടയം കേന്ദ്രീകരിച്ചു ധാരാളം സോദ്ദേശ പദ്ധതികൾ നടപ്പിലാക്കുന്ന കേരളമൊട്ടാകെ നിറഞ്ഞുനിൽക്കുന്ന ഒരു സംഘടനയാണ് പ്രവാസി മലയാളി വെൽഫെയർ അസാസിയേഷൻ ഇന്ത്യ. ഐസക് പ്ളാപ്പള്ളിയാണ് സംഘടനയുടെ നേതൃത്വം വഹിക്കുന്നത്. സ്നേഹപ്രവാസി എന്ന മാസികയാണ് സംഘടനയുടെ മുഖപത്രം

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ജയിംസിന്‍റെ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജർമനിയിലേയ്ക്കു കുടിയേറിയതിനുശേഷവും ജർമനിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന എന്‍റെ ലോകം, രശ്മി, വാർത്ത, നമ്മുടെ ലോകം തുടങ്ങിയ മാസികകളിലൂടെ ജയിംസിന്‍റെ സൃഷ്ടികൾ പുറത്തു വന്നിരുന്നു.

2015 ഒക്ടോബർ മൂന്നിന് കൊളോണ്‍ സംഗീത ആർട്സ് ക്ലബ് കൊളോണിൽ സംഘടിപ്പിച്ച സംഗീത സായാഹ്നത്തിൽ ഭാരതീയർ പ്രവാസികൾ എന്ന പുസ്തകം ജർമൻ മലയാളികൾക്കായി പരിചയപ്പെടുത്തിയെന്നു മാത്രമല്ല അവാർഡും നൽകിയിരുന്നു. വേൾഡ് മലയാളി കൗണ്‍സിൽ ജർമനി, ക്രേഫെൽഡ് കേരള സമാജം, ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി തുടങ്ങിയ സംഘടനകളിൽ വിവിധ ഭാരവാഹിത്വം വഹിച്ചതിലൂടെ കഴിഞ്ഞ 36 വർഷമായി ജർമനിയിൽ സുപരിചിതനായ ജയിംസിനെ ജർമൻ, യൂറോപ്യൻ മലയാളി സമൂഹം അനുമോദിച്ചിട്ടുണ്ട്.

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കൂടിയ അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനവും അവാർഡുദാനചടങ്ങും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഐസക് പ്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. സ്കറിയാ തോമസ് എക്സ് എംപി ജയിംസിനെ പൊന്നാടയണിയിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആർ സോന, സ്റ്റീഫൻ ജോർജ് , കേരള ലോക സഭാംഗവും വേൾഡ് മലയാളി കൗണ്‍സിൽ ഖത്തർ ഭാരവാഹിയുമായ ജോസ് കോലത്ത്, ലോക കേരള സഭാംഗം (ന്യൂസിലന്‍റ്/ഓസ്ട്രേലിയ) ഡോ. ജോർജ് എബ്രഹാം, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ. ഹരി, വേൾഡ് മലയാളി കൗണ്‍സിൽ ചെയർമാൻ ഐസക് പട്ടാണിപ്പറന്പിൽ, ജോണി കുരുവിള തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ