സഖ്യ സർക്കാർ രൂപീകരണം: എസ്പിഡി ഹിതപരിശോധന തുടങ്ങി

01:10 AM Feb 22, 2018 | Deepika.com
ബർലിൻ: സിഡിയു - സിഎസ് യു സഖ്യവുമായി ചേർന്നു സർക്കാർ രൂപീകരിക്കാനുള്ള എസ്പിഡി നേതൃത്വത്തിന്‍റെ തീരുമാനം സംബന്ധിച്ച് എസ്പിഡി അംഗങ്ങൾക്കിടയിൽ ഹിത പരിശോധന ആരംഭിച്ചു.

സർക്കാർ രൂപീകരിക്കുന്നതിന് ചാൻസലർ ആംഗല മെർക്കലിനു മുന്നിൽ ഇനി ശേഷിക്കുന്ന ഏക പ്രതിബന്ധം എസ്പിഡി അംഗങ്ങളുടെ അംഗീകാരം നേടുക എന്നതാണ്. മാർച്ച് നാലിനാണ് ഹിത പരിശോധന ഫലം പ്രഖ്യാപിക്കുക. അനുകൂലമായാൽ ആഴ്ചകൾക്കുള്ളിൽ സർക്കാർ രൂപീകരണം സാധ്യമാകും.

പോസ്റ്റലായും ഓണ്‍ലൈനായുമാണ് വോട്ടെടുപ്പു നടക്കുന്നത്. എസ്പിഡി അംഗങ്ങളുടെ തീരുമാനം അനുകൂലമല്ലെങ്കിൽ രാജ്യം വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴും. മെർക്കലിന്‍റെ 12 വർഷം ദീർഘിച്ച ഭരണത്തിന് ഇതോടെ അവസാനമാകുകയും ഇടക്കാല തെരഞ്ഞെടുപ്പ് അനിവാര്യമാകുകയും ചെയ്തേക്കാം.

സർക്കാരിൽ ചേരുന്നതു സംബന്ധിച്ച് എസ്പിഡി നേതൃത്വത്തിലും അണികൾക്കിടയിലും ഭിന്നത തുടരുകയാണെങ്കിലും ഹിത പരിശോധനയിൽ അംഗങ്ങളുടെ തീരുമാനം അനുകൂലമാകുമെന്നു തന്നെയാണ് പൊതു വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ