കനത്ത മഞ്ഞു വീഴ്ചയിൽ ഓസ്ട്രിയയിൽ നിരവധി റോഡപകടങ്ങൾ

11:00 PM Feb 21, 2018 | Deepika.com
വിയന്ന: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഞ്ഞു വീഴ്ചയിൽ നിരവധി റോഡപകടങ്ങൾ റിപ്പോർട്ടു ചെയ്തു. കിഴക്കൻ ഓസ്ട്രിയയ്ക്കു പുറമെ തെക്കൻ ഭാഗങ്ങളിലും ചൊവ്വാഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. വീനർ നൊയേ സ്റ്റാട്റ്റിൽ 15 സെന്‍റിമീറ്റർ മഞ്ഞാണ് കാലാവസ്ഥാ വിഭാഗം പ്രവച്ചിരുന്നത്. രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും നേരിയ തോതിൽ മഞ്ഞു വീഴ്ചയുണ്ടായി.

രാജ്യത്തൊട്ടാകയുണ്ടായ കനത്ത മഞ്ഞു വീഴ്ചയിൽ നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ ആർക്കും ജീവഹാനിയില്ല.

മൈനസ് 12 ഡിഗ്രിയിൽ നിന്ന് മൈനസ് 2 ഡിഗ്രിയിലേക്ക് അന്തരീക്ഷ താപനില ഉയരും. പകൽ സമയത്ത് മൈനസ് ഒന്നിനും മൂന്നിനുമിടയിലായിരിക്കും . കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്നു രാജ്യത്തിന്‍റെ കിഴക്കും തെക്കും ഭാഗങ്ങളിൽ വൈദ്യുതി, ഗതാഗതം തകരാറിലാക്കും. വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം 20-30 സെന്‍റിമീറ്റർ മഞ്ഞിനാണ് സാധ്യത. തണുത്ത മഞ്ഞുകാറ്റിനും രാത്രിയിൽ 25 ഡിഗ്രിയിലേക്കും അന്തരീക്ഷ ഉൗഷ്മാവ് താഴുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ