+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താളമേളസംഗമങ്ങളുടെ വിസ്മയക്കോട്ട തീർത്ത് സെന്‍റ് ജോർജ് വിൻസെന്‍റ് ഡി പോൾ ധനസമാഹാരം

ന്യൂജേഴ്സി: ആസ്വാദക ഹൃദയങ്ങളെ തഴുകിത്തലോടി മനം കുളിർപ്പിച്ച ഗാനമേള നവ്യാനുഭവമായി. ന്യൂജേഴ്സിയിലെ പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ പള്ളിയിൽ എത്തിയ ആസ്വാദകരാണ് ഒരുപിടി നല്ലപാട്ടുകൾ കേട്ടു മനസു ന
താളമേളസംഗമങ്ങളുടെ വിസ്മയക്കോട്ട തീർത്ത് സെന്‍റ് ജോർജ് വിൻസെന്‍റ് ഡി പോൾ ധനസമാഹാരം
ന്യൂജേഴ്സി: ആസ്വാദക ഹൃദയങ്ങളെ തഴുകിത്തലോടി മനം കുളിർപ്പിച്ച ഗാനമേള നവ്യാനുഭവമായി. ന്യൂജേഴ്സിയിലെ പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ പള്ളിയിൽ എത്തിയ ആസ്വാദകരാണ് ഒരുപിടി നല്ലപാട്ടുകൾ കേട്ടു മനസു നിറയെ ശുദ്ധ സംഗീതവും കണ്ണുനിറയെ ചടുല താളങ്ങളും വയറുനിറയെ സ്വാദിഷ്ഠ ഭോജനവുമായി നിറഞ്ഞ സംതൃപ്തിയിൽ മടങ്ങിയത്.

സെന്‍റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റിയുടെ വാർഷിക ധനസമാഹരണവേളയോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ ഗാനമേള ഇടവകയിലെ തന്നെ പ്രതിഭകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അനുഗ്രഹീത ഗായകരെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം രൂപീകരിച്ച സെന്‍റ് ജോർജ് പാറ്റേഴ്സണ്‍ ന്യൂജേഴ്സി ഗാനമേള (സഗപനിഗ) എന്ന ഗാനമേള ട്രൂപ്പാണ് പ്രഫഷണൽട്രൂപ്പിനെപ്പോലും വെല്ലുന്ന ലൈവ് ഓർക്കസ്ട്ര അവതരിപ്പിച്ചത്. അവർക്ക് കൂട്ടായി ഇടവകയിലെ അംഗങ്ങളുടെ മക്കൾ പഠിക്കുന്ന വിവിധ ഡാൻസ് സ്കൂളുകളുടെ സിനിമാറ്റിക് ഡാൻസ് ദൃശ്യവിസ്മയം ഒരുക്കി.

യാതൊരു പബ്ലിസിറ്റി കോലാഹലങ്ങളുമില്ലാതെ ഇടവക അംഗങ്ങൾക്കു മാത്രമായി നടത്തിയ ചാരിറ്റി പരിപാടിയിൽ തിങ്ങിനിറഞ്ഞ കാണികൾ നറുപുഞ്ചിരിയുമായി മടങ്ങിപ്പോകുന്നതു കാണുന്പോൾ ഒരു കാര്യം ഉറപ്പായിരുന്നു; 125 ഡോളർ മുടക്കി എടുത്ത ടിക്കറ്റ് ശരിക്കും മുതലാക്കിയെന്ന്. 250, 500 ഡോളർ മുടക്കി നാട്ടിൽ നിന്നുവരുന്ന പ്രഫഷണൽ ട്രൂപ്പുകൾക്ക് ഇവരിൽ നിന്ന് പഠിക്കാനേറെയുണ്ടെന്ന് ചടങ്ങിൽ നന്ദി പറഞ്ഞ പോൾ പ്ലാത്തോട്ടത്തിന്‍റെ വാക്കുകൾ പൂർണമായും സത്യം തന്നെ.

ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്‍റെ അമേരിക്കൻ പരിപാടികളിൽ അദ്ദേഹത്തിന്‍റെ മനമറിഞ്ഞ് വയലിനിൽ വിസ്മയം തീർക്കുന്ന ഇടവകാംഗമായ ജോർജ് ദേവസിക്കൊപ്പം അതേ ട്രൂപ്പിൽ തബല വായിക്കുന്ന സുഭാഷ് കറിയിൽ, റോണി കുര്യൻ എന്നിവർ കൂടി ചേർന്നതോടെ അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച മലയാളികളുടെ ലൈവ് ഓർക്കസ്ട്ര ഗാനമേള ട്രൂപ്പ് എന്ന തലത്തിലേക്ക് സഗപനിഗ മാറികഴിഞ്ഞു.

ജോർജിനൊപ്പം പള്ളിയിലെ ട്രൂപ്പിലെ അംഗമായ ആൽവിൻ ജോർജ്, നിഥിൻ ജോർജ് എന്നിവർ കൂടി വയലിൻ ചലിപ്പിച്ചപ്പോൾ ആൽവിന്‍റെ ഇരട്ട സഹോദരങ്ങളിലൊരാളായ എയ്മി ജോർജ് ലീഡ് കീബോർഡും ജോർജിന്‍റെ മകൻ അലക്സ് ജോർജ്, ഫെലിഷ്യ രാജു, നിഥിൻ ജോർജ്, എന്നിവർ സപ്പോർട്ട് കീ ബോർഡുകളും വായിച്ചു.

കലാശ്രീ സ്കൂൾ ഓഫ് ഡാൻസ് (ബീന മോഹൻ), സെന്‍റ് ജോർജ് പാറ്റേഴ്സണ്‍ ഡാൻസ് സ്കൂളിലെ (ബിന്ധ്യ), ചന്ദ്രികാ കുറുപ്പ് തുടങ്ങിയ ഡാൻസ് സ്കൂളിലെ കുട്ടികളുടെ ഡാൻസ് പെർഫോർമൻസുകൾ മികച്ച നിലവാരം പുലർത്തി.

പൊതു പരിപാടി വികാരി ഫാ.ജേക്കബ് ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. വിൻസെന്‍റ് ഡി പോൾ സൊസൈറ്റി പ്രസിഡന്‍റ് സിബി ഐസക്ക് സ്വാഗതവും സെക്രട്ടറി പോൾ പ്ലാത്തോട്ടം നന്ദിയും പറഞ്ഞു. ലിസ തോട്ടുമാരി, ആൻ മരിയ ആൽബർട്ട് എന്നിവർ എംസിമാരായിരുന്നു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ