അസ്വസ്ഥതയല്ല, ആകാംക്ഷ മാത്രം: തെരേസ മേയെ കണ്ട ശേഷം ആംഗല മെർക്കൽ

10:25 PM Feb 17, 2018 | Deepika.com
ബർലിൻ:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം തനിക്ക് അസ്വസ്ഥതയല്ല, ആകാംക്ഷയാണുണ്ടായതെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ബ്രെക്സിറ്റ് നടപടിക്രമങ്ങളിലും അതിനു ശേഷവും ബ്രിട്ടൻ ലക്ഷ്യം വയ്ക്കുന്നതെന്ത് എന്ന കാര്യത്തിലാണ് ആകാംക്ഷയെന്നും അവർ വ്യക്തമാക്കി.

വരും മാസങ്ങളിൽ ബ്രിട്ടനുമായി വ്യാപാര കാര്യങ്ങളിൽ അടക്കം സമവായത്തിലെത്താൻ സാധിക്കുമെന്നാണു കരുതുന്നത്. തുല്യരുടെ അടുത്ത പങ്കാളിത്തമാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. വ്യാപാര കാര്യങ്ങളിലും സുരക്ഷാ കാര്യങ്ങളും സധൈര്യവും സുശക്തവുമായ സഖ്യമാണ് ഭാവിയിൽ യുകെയുമായി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.

ചാൻസലറുടെ ഓഫിസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സുരക്ഷാ കാര്യങ്ങളിൽ ഉദ്ദേശിക്കുന്ന സഹകരണം മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറൻസിൽ മെർക്കൽ കൂടുതൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്‍റെ തീരുമാനത്തെ തെരേസയുടെ സാന്നിധ്യത്തിൽ തന്നെ മെർക്കൽ ആവർത്തിച്ച് വിമർശിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ