ലണ്ടൻ: പ്രണയദിനത്തിൽ ആകാശത്ത് ഹൃദയമൊരുക്കി വിമാനത്തിന്റെ സർപ്രൈസ്..! വെര്‍ജിൻ അറ്റ്ലാന്റിക്ക് വിമാനമാണ് വാലന്റൈൻസ് ദിനത്തിൽ ആകാശത്ത് ഹൃദയത്തിന്റെ രൂപത്തിൽ സർവീസ് നടത്തിയത്.
ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിൽനിന്നു തെക്കു പടിഞ്ഞാറു ദിശയിലേക്കു പറന്നുയർന്ന വിമാനം ആകാശത്ത് ഹൃദയം വരയ്ക്കുന്നതിനായി 100 മൈൽ പിന്നിട്ടു. രാവിലെ 11.30ന് പറന്നുയർന്ന വിമാനം രണ്ടു മണിക്കൂറിനുശേഷം തിരിച്ചെത്തി. വിമാനത്തിന്റെ സഞ്ചാരപാത എയർട്രാഫിക് നിരീക്ഷണ വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ 24 പ്രസിദ്ധീകരിച്ചു. 30,000 അടി ഉയരത്തിൽ പറന്ന വിമാനത്തിന്റെ സഞ്ചാരപാത വെര്‍ജിൻ വിമാനാധികൃതരും പുറത്തുവിട്ടു.
അതേസമയം, വെര്‍ജിൻ അറ്റ്ലാന്റിക്ക് വിമാനത്തിന്റെ സർവീസ് സമയവും ഇന്ധനവും പാഴാക്കുകയാണെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഇതേതുടർന്ന് തങ്ങൾ പരീക്ഷണാവശ്യത്തിനായി പറത്തിയ വിമാനമാണ് ആകാശത്ത് "ഹൃദയം’ സൃഷ്ടിച്ചതെന്ന് കന്പനിക്കു വിശദീകരണം ഇറക്കേണ്ടിവന്നു.
പ്രണയദിനത്തിൽ ആകാശത്ത് ഹൃദയംതുറന്ന് വെര്‍ജിൻ അറ്റ്ലാന്റിക്ക് !
11:38 PM Feb 15, 2018 | Deepika.com