വിയന്ന : ഓസ്ട്രിയയിലെ ലോവർ ഓസ്ട്രിയിലെ ഫാം ഹൗസിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. ലോവർ ഓസ്ട്രിയയിലെ ഓബർ ഗേൻസൻസ് ഡോർഫിൽ ഹാർമാൻസ് ഡോർഫിലെ ( കോർ നൊയേബുർഗ് ജില്ല) ഫാമിലാണ് അഗ്നിബാധയുണ്ടായത്. ഫാം ഹൗസിലുണ്ടായ അഗ്നിബാധയെ തുടർന്നുണ്ടായ സ്ഫോടനത്തിലാണ് മൂന്നുപേരുടെ മരണത്തിനിടയായത്. ചൊവ്വാഴ്ച്ച വൈകിയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു.
ഉച്ചകഴിഞ്ഞ് 2.45ഓടെ തീ കത്തുന്നതായി സമീപവാസികളാണ് അഗ്നിശമന വിഭാഗത്തെ അറിയിച്ചത്. കൃഷിപ്പണിയ്ക്കുള്ള യന്ത്രങ്ങളും വാഹനങ്ങളും ഫാം ഹൗസിൽ സൂക്ഷിച്ചിരുന്നു.
ഇവയ്ക്കു പുറമെ ഇവിടെയുണ്ടായിരുന്ന വൈക്കോലും തീ വേഗത്തിൽ പടരുന്നതിനു കാരണമായി. അഗ്നിബാധയെ തുടർന്ന് വൻ സ്ഫോടനം ഉണ്ടായി. മെഷീനുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ പണി നടന്നുകൊണ്ടിരുന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് രക്ഷപ്പെട്ടവർ പറയുന്നു. അപകടത്തിൽ പിതാവും മകനും കൊച്ചു മകനുമാണ് കൊല്ലപ്പെട്ടത്.
10 ഫയർ ബ്രിഗേഡുകളും 140 അഗ്നിശമനാ പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ ദുരന്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല .
ഇതിനിടെ തീയണക്കാനെത്തിയ ഒരു ഫയർ എഞ്ചിൻ ഹാർമാൻസ് ഡോർഫിൽ കാറുമായി കൂട്ടിയിടിച്ചു കാർ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ഓസ്ട്രിയയിൽ ഫാമിലുണ്ടായ അഗ്നിബാധയിൽ മൂന്നുപേർ മരിച്ചു
06:05 PM Feb 15, 2018 | Deepika.com