വിയന്ന: ഓസ്ട്രിയയിലെ ഓബർ ഓസ്ട്രിയയിൽ ട്രെയിൻ അപകടത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓബർ ഓസ്ട്രിയയിലെ ലീയോ ബോണ്‍ ജില്ലയിലാണ് അപകടമുണ്ടായത്. നിക്ലാസ് ഡോർഫ് റെയിൽവേ സ്റ്റേഷനടുത്ത് വച്ചാണ് അപകടം.
ഇന്നലെ ഉച്ചയ്ക്ക് 12.45 ന് ജർമ്മനിയുടെ യൂറോ ജെറ്റും, ഓസ്ട്രിയൻ ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. സിഗ്നൽ സംവിധാനത്തിലുണ്ടായ തകരാറാണ് കൂട്ടിയിടിക്കുള്ള കാരണമായി പ്രാഥമിക നിഗമനം. കൂട്ടിയിടിയെ തുടർന്ന് നിരവധി ബോഗികൾ പാളം തെറ്റി. കൂട്ടിയിടിയിൽ യൂറോസിറ്റിയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് മരിച്ചത്.
മൂന്ന് അഗ്നിശമനസേനാ വാഹനങ്ങളും 21 ആംബുലൻസുകളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. അപകടത്തിൽ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ഓസ്ട്രിയയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 22 പേർക്ക് പരിക്ക്
11:54 PM Feb 13, 2018 | Deepika.com