ബെർലിൻ: ഫെയ്സ്ബുക്ക് ഉപയോക്താക്കൾ അക്കൗണ്ടിൽ യഥാർഥ പേരു തന്നെ ഉപയോഗിക്കണമെന്നു നിർബന്ധം പറയാനാവില്ലെന്ന് ജർമൻ കോടതി ഉത്തരവ്. ഇത്തരത്തിൽ നിർബന്ധിക്കുന്നത് സ്വകാര്യതാ നിയമത്തിന്റെ ലംഘനമാണെന്നും കോടതിയുടെ നിരീക്ഷണം.
ഉപഭോക്തൃ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രധാന വിധി. ജർമൻ നിയമ പ്രകാരം, ഒരാളുടെ യഥാർഥ പേരും വിവരങ്ങളും ഒരു സ്ഥാപനത്തിന് ഉപയോഗിക്കണമെങ്കിൽ അയാളുമായി പ്രത്യേകം കരാർ നിർബന്ധമാണ്. എന്നാൽ, ഫെയ്സ്ബുക്ക് പല സെറ്റിംഗ്സും ഡിഫോൾട്ടായി ഓണ്‍ ചെയ്തിരിക്കുന്നതിനാൽ തങ്ങളുടെ വിവരങ്ങൾ ഏതൊക്കെ തരത്തിൽ ഉപയോഗിക്കുന്നു എന്ന് ഉപയോക്താവിന് അറിയാൻ അവസരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ യഥാർഥ വിവരങ്ങൾ ഉപയോഗിക്കാൻ നിർബന്ധിക്കാൻ പാടില്ലെന്നാണ് ഉത്തരവ്.
ഫെയ്സ്ബുക്ക് നിലവിൽ ഉപയോഗിക്കുന്ന അഞ്ച് ഡിഫോൾട്ട് പ്രൈവസി സെറ്റിംഗ്സ് സ്വകാര്യതാ നിയമം ലംഘിക്കുന്ന തരത്തിലുള്ളതാണെന്നും കോടതി കണ്ടെത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യഥാർഥ പേര് ഉപയോഗിക്കണമെന്നു നിർബന്ധിക്കാൻ ഫെയ്സ്ബുക്കിനാവില്ല : ജർമൻ കോടതി
11:29 PM Feb 13, 2018 | Deepika.com