തിരുവനന്തപുരം: ബ്രിട്ടനിലേക്കുള്ള വിസ തേടുന്നവർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകാൻ മാസത്തിലൊരിക്കിൽ തിരുവനന്തപുരത്ത് സൗകര്യമൊരുങ്ങി. നേരത്തെ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. മാസത്തിലൊരിക്കലാണെങ്കിലും തിരുവനന്തപുരത്ത് സെന്റർ തുടങ്ങാനുള്ള യുകെ വിസ ആൻഡ് ഇമിഗ്രേഷൻ തീരുമാനം മലയാളികൾക്ക് സൗകര്യപ്രദവും വിസ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതുമാണ്.
തിരുവനന്തപുരത്തെ വിസ കേന്ദ്രം തെരഞ്ഞെടുക്കാൻ വിഎഫ്എസ് ഗ്ലോബലിന്റെ ടെംപററി എൻറോൾമെന്റ് ലൊക്കേഷൻ സംവിധാനം ഉപയോഗിക്കാം. ഇവിടത്തെ സേവനം ഉപയോഗിക്കാൻ വിസ ഫീസിനു പുറമെ 4566 രൂപ അധികമായി നൽകണമെന്നതു മാത്രമാണ് ബുദ്ധിമുട്ട്. രാവിലെ ഒന്പത് മുതൽ വൈകിട്ട് മൂന്നുവരെ സെന്റർ പ്രവർത്തിക്കും. ടയർ-4 സ്റ്റുഡന്റ് ആപ്ലിക്കേഷൻ പ്രൊഷണൽ സ്റ്റാഫ് ഒഴികെയുള്ള എല്ലാത്തരം വിസ അപേക്ഷകളും ഇവിടെ പരിഗണിക്കും.
അപേക്ഷകൾ പരിശോധിക്കുന്നതിന് മലയാളികളായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യക്തികൾക്കും കോർപറേറ്റ് ടൂർ സംഘങ്ങൾക്കും സിനിമ, കലാപരിപാടികൾക്കുള്ള സംഘങ്ങൾക്കും ഇവിടെ വിസയ്ക്ക് അപേക്ഷിക്കാം.
വിലാസം: ടി.സി. 2/2408-3, ഫസ്റ്റ് ഫ്ളോർ, ഏഷ്യാറ്റിക് ബിസിനസ് സെന്റർ, ആറ്റിൻകുഴി, കഴക്കൂട്ടം, തിരുവന്തപുരം-695581.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടീഷ് വിസയ്ക്ക് ബയോമെട്രിക് വിവരങ്ങൾ നൽകാനും തിരുവനന്തപുരത്തും സൗകര്യം
10:44 PM Jan 23, 2018 | Deepika.com