ബെർലിൻ: ജർമനിയിൽ കൊലക്കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മെയിൽ നഴ്സിനു മേൽ 97 കൊലക്കുറ്റങ്ങൾ കൂടി ചുമത്തി. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച് നടപടിയുണ്ടായത്. ഈ കേസുകളിലെല്ലാം നാൽപ്പത്തൊന്നുകാരനായ നീൽസ് ഹൊഗെൽ വിചാരണ നേരിടണമെന്നും വിചാണ ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു. നേരത്തെ ആറു കൊലക്കേസുകളിൽ ഹൊഗെൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.
രണ്ടു വർഷം മുന്പാണ് നീൽസ് ഹോഗൽ ശിക്ഷിക്കപ്പെട്ടത്. എന്നാൽ, ആ സമയത്ത് ഇത്രയേറെ കുറ്റങ്ങൾ ഇയാൾക്കെതിരേ തെളിയിക്കപ്പെട്ടിരുന്നില്ല. രണ്ട് കൊലപാതകങ്ങളും നാലു വധശ്രമങ്ങളും മാത്രമാണ് തെളിയിക്കപ്പെട്ടിരുന്നത്. തുടർന്ന് മരിച്ചവരിൽ ടോക്സിക്കോളജി ടെസ്റ്റ് നടത്തിയതിൽനിന്നു കൂടുതൽ പേരെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയുകയായിരുന്നു.
ഡെൽമോൻഹോഴ്സ്റ്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളെ വധിച്ച കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. ആകെ 106 രോഗികളെ ഇയാൾ കൊലപ്പെടുത്തിയതായാണ് ആരോപണം. 1999 മുതൽ 2005 വരെ ഇയാൾ ജോലി ചെയ്തിരുന്ന വടക്കൻ ജർമനിയിലെ രണ്ട് ആശുപത്രികളിലായാണ് മരണം സംഭവിച്ചിരിക്കുന്നത്. വിരസമായ ജീവിതത്തിൽനിന്നൊരു മുക്തിക്കായാണ് താൻ ഇതു ചെയ്തതെന്നാണ് കുറ്റമേറ്റ് ഇയാൾ പറഞ്ഞിരുന്നത്.
ജർമനിയിലെ സീരിയൽ കില്ലറിന്റെ പേരിൽ 97 കൊലക്കേസുകൾകൂടി ചുമത്തി
04:26 PM Jan 23, 2018 | Deepika.com