വിമാനത്തിൽ മാർപാപ്പ വധുവരന്മാർക്ക് കാർമികനായി

12:19 AM Jan 20, 2018 | Deepika.com
ബർലിൻ: തങ്ങളുടെ വിവാഹത്തെ ആശീർവദിക്കാൻ മാത്രമാണ് ആ വധൂവര·ാർ വിമാനത്തിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയോട് ആവശ്യപ്പെട്ടത്. എന്നാൽ, പൂ ചോദിച്ച് പൂക്കാലം കിട്ടിയതു പോലെയായി അവരുടെ അവസ്ഥ. മാർപാപ്പ അവരുടെ വിവാഹം പൂർണമായി ഏറ്റെടുത്ത് വിമാനത്തിൽ വച്ചു തന്നെ നടത്തിക്കൊടുക്കുകയായിരുന്നു.

ചിലിയിലെ യാത്രയ്ക്കിടെ ഫ്ളൈറ്റ് അറ്റന്‍റർമാരായ പൗല പോഡസ്റ്റ് റൂയിസും കാർലോസ് കുയിഫാർഡി എലോറിഗയുമാണ് ചരിത്രപരമായ ആ വിവാഹത്തിലെ വധൂവരൻമാർ. നേരത്തെ തന്നെ സിവിൽ യൂണിയനിലായിരുന്നു ഇവർ.

ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയിലെ പള്ളി 2010 ൽ ഉണ്ടായ ഭൂകന്പത്തിൽ തകർന്നതിനാൽ അവിടെവച്ച് വിവാഹചടങ്ങുകൾ നടത്തണമെന്ന ആഗ്രഹം സാധിച്ചില്ലെന്ന് ദന്പതിമാർ മാർപാപ്പയെ അറിയിച്ചു. ഇതോടെയാണ് വിമാനത്തിൽ വച്ചു തന്നെ ചടങ്ങുകൾ നടത്താമെന്ന് മാർപാപ്പ നിർദേശിച്ചത്. സാന്‍റിയാഗോയിൽനിന്ന് ഇക്വിക്കിലേക്കുള്ള ഹ്രസ്വ യാത്രയിൽ തന്നെ ഇതു പൂർത്തിയാകുകയും ചെയ്തു. വിമാനക്കന്പനി മേധാവി തന്നെ ഇതിനു സാക്ഷിയാകുകയും ചെയ്തു. കൂടെയുണ്ടായിരുന്ന കർദിനാൾ വിവാഹ രേഖ കൈയാൽ എഴുതി നൽകി. ഇതിൽ വധൂവരൻമാരും സാക്ഷിയും ഒപ്പുവച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ