നാശം വിതച്ച് ഫ്രെഡറിക് കൊടുങ്കാറ്റ്: ജർമനിയിലും നെതർലൻഡ്സിലും എട്ടു മരണം

12:18 AM Jan 20, 2018 | Deepika.com
ബർലിൻ: ഫ്രെഡറിക് കൊടുങ്കാറ്റ് സംഹാര താണ്ഡവം ആടിയതോടെ ജർമനിയിലും നെതർലൻഡ്സിലുമായി എട്ടു പേർ മരിച്ചു. മരിച്ചവരിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടുന്നു. ജർമനിയിലെ രക്ഷാ പ്രവർത്തനങ്ങൾക്കിടെയാണ് ഇരുവരുടെയും മരണം. കാറ്റിൽ കടപുഴകി വീണ മരങ്ങളുടെ അടിയിൽപ്പെട്ടാണ് മറ്റുള്ളവർ മരിച്ചത്.

ജർമൻ ട്രെയിൻ ഓപ്പറേറ്റർമാരായ ഡോയ്റ്റ്ഷെ ബാൻ എല്ലാ ദീർഘദൂര സർവീസുകളും റദ്ദാക്കിയിരുന്നു. പല പ്രാദേശിക സർവീസുകളും തടസപ്പെട്ടു. എന്നാൽ വെള്ളിയാഴ്ച സർവീസുകൾ പുനരാരംഭിച്ചെങ്കിലും വാരാന്ത്യത്തിലേ സാധാരണനിലയിലേക്കു എത്തുകയുള്ളൂവെന്നാണ് റെയിൽവേയുടെ അറിയിപ്പ്.

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകളേയും കാറ്റ് ബാധിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില മൈനസ് ആറു ഡിഗ്രിയിൽ നിന്ന് അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

മ്യൂണിക്ക്, ബർലിൻ, ഡ്യൂസൽഡോർഫ്, ഹാംബുർഗ്, കൊളോണ്‍ എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയും കൊടുങ്കാറ്റ് ബാധിച്ചു. ഇവിടെങ്ങളിലെല്ലാം സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു. വാരാന്ത്യം വരെ കാറ്റ് ചിലപ്പോൾ തുടരുമെന്നും എന്നാൽ ശക്തി കുറയുമെന്നും മുന്നറിയിപ്പുണ്ട്. പോളണ്ടിലേക്കു കടന്ന കാറ്റിന്‍റെ ശക്തി മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗമാർജിക്കുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ