റോമാനിയയ്ക്ക് ആദ്യ വനിതാ പ്രധാനമന്ത്രി

12:13 AM Jan 19, 2018 | Deepika.com
ബുക്കാറസ്റ്റ്: റൊമാനിയയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി നിയമിതയായി. വയോറിക ഡാൻസിലയാണ് ഇത്തരത്തിൽ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. മിഹായ് ടുഡോസിന്‍റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്നാണ് വയോറികയ്ക്ക് പ്രധാനമന്ത്രികസരേയിലേക്ക് അപ്രതീക്ഷിതമായി വഴി തുറന്നത്.

യൂറോപ്യൻ പാർലമെന്‍റ് അംഗമായ അവർ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലിവിയു ഡ്രാഗ്നിയയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നത്. എത്രയും വേഗം അവരുടെ തെരഞ്ഞെടുപ്പ് പാർലമെന്‍റ് അംഗീകരിച്ച് ഫെബ്രുവരി ഒന്നിന് പുതിയ സർക്കാർ അധികാരത്തിലെത്തണമെന്ന് പ്രസിഡന്‍റ് ക്ലോസ് അയോഹാനിസ് ആവശ്യപ്പെട്ടു.

ഏഴു മാസത്തിനിടെ റൊമാനിയയ്ക്കു ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രി കൂടിയാണ് ഈ അന്പത്തിനാലുകാരി. ജൂണിൽ സോറിൻ ഗ്രിൻഡ്യൂനുവും പ്രധാനമന്ത്രി പദം രാജിവച്ചിരുന്നു. പാർട്ടിക്കുള്ളിലെ അധികാര വടംവലിയാണ് പ്രശ്നങ്ങൾക്കു കാരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ