മുന്നണി സർക്കാർ: എസ്പിഡിയിൽ കലാപം പുകയുന്നു

12:45 AM Jan 18, 2018 | Deepika.com
ബർലിൻ: സിഡിയു - സിഎസ്യു സഖ്യവുമായി ചേർന്നു മുന്നണി സർക്കാർ രൂപീകരിക്കാനുള്ള എസ്പിഡി നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരേ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു.

പാർട്ടി നേതാവ് മാർട്ടിൻ ഷൂൾസ് തന്നെ നേരത്തെ ഇങ്ങനെയൊരു സഖ്യത്തിന് എതിരായിരുന്നെങ്കിലും പാർട്ടി പ്രതിനിധിയും ജർമൻ പ്രസിഡന്‍റുമായ ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ അടക്കമുള്ളവരുടെ സമ്മർദത്തിനു വഴങ്ങി ചർച്ചകൾക്കു തയാറാകുകയും ഒടുവിൽ മുന്നണി ധാരണയിലെത്തുകയുമായിരുന്നു. എന്നാൽ, പാർട്ടിയിലെ പല പ്രമുഖ നേതാക്കൾക്കും ഇപ്പോഴും ഈ തീരുമാനം ദഹിച്ചിട്ടില്ല.

നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ നിന്നുള്ള നേതാവ് മൈക്കൽ ഗ്രോഷെക് അടക്കമുള്ളവർ ഇതുസംബന്ധിച്ച അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ മാസം 21നു നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ മാത്രമേ മുന്നണി സർക്കാരിൽ ചേരുന്ന കാര്യത്തിൽ നേതൃത്വത്തിന് ഒൗപചാരിക തീരുമാനമെടുക്കാനാകൂ. കോണ്‍ഗ്രസിൽ പ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ ഷൂൾസും കൂട്ടരും.

ഒരിക്കൽക്കൂടി മെർക്കലിന്‍റെ നിഴലിൽ മന്ത്രിസഭയിൽ തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായ ഇനിയും കുറയ്ക്കുമെന്നും അടിസ്ഥാന ആശയങ്ങളിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്നുമാണ് പല നേതാക്കളുടെയും ആശങ്ക. പാർട്ടി എംപിമാരായ മാർക്കോ ബൂലോ, യെൻസ് പീക്ക് എന്നിവരും പ്രതിഷേധം പരസ്യമാക്കിയവരിൽപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ