റിക്കാർഡ് വർഷം പ്രതീക്ഷിച്ച് ജർമൻ ടൂറിസം മേഖല

09:27 PM Jan 13, 2018 | Deepika.com
ബർലിൻ: കഴിഞ്ഞ വർഷത്തെ കണക്കുകളിൽ ജർമൻ ടൂറിസം മേഖല തുടർച്ചയായി എട്ടാം വർഷവും റിക്കാർഡ് മറികടക്കുമെന്ന് വിലയിരുത്തൽ. ഫെഡറൽ സ്റ്റാറ്റിസ്റ്റിക് ഓഫീസാണ് ഇതു സംബന്ധിച്ച പ്രാഥമിക സൂചനകൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം വിദേശികളും സ്വദേശികളുമായി ഒരു ദിവസത്തിലേറെ നീളുന്ന യാത്രകൾ നടത്തിയവരുടെ എണ്ണം 459 മില്യനെന്നാണ് ഏകദേശ കണക്ക്. കൃത്യമായ കണക്ക് വൈകാതെ പുറത്തുവരും. ഇതു തന്നെ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം കൂടുതലാണ്.

കഴിഞ്ഞ വർഷം ആദ്യ പതിനൊന്നു മാസങ്ങളിൽ തന്നെ 431 മില്യണ്‍ യാത്രകൾ എണ്ണിക്കഴിഞ്ഞിരുന്നു. ഇതിൽ 78 മില്യണ്‍ വിദേശികളാണ്. 353 മില്യണ്‍ സ്വദേശികളും. വിദേശികളുടെ മാത്രം കണക്കെടുക്കുന്പോൾ നാലു ശതമാനവും സ്വദേശികളുടെ കാര്യത്തിൽ മൂന്നു ശതമാനവുമാണ് വർധന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ