ബെർലിൻ: പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളവികസനത്തിൽ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയിൽ സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജർമനിയിൽ നിന്നും ജോളി തടത്തിൽ പങ്കെടുക്കും.
ജോളി തടത്തിൽ ജർമനിയിലെ മലയാളി സമൂഹത്തിലെ പ്രത്യേകിച്ചും ജർമനിയിലെ ആരോഗ്യമേഖലയിലെ ഒരു ബസിസിനസ് മാഗ്നെറ്റാണ്. മൂവാറ്റുപുഴ സ്വദേശിയായ ജോളി വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ, പ്രസിഡന്റ്, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളിൽ വ്യക്തമായ ലക്ഷ്യബോധത്തോടു കൂടിയ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയെന്നതിലുപരി ഒരു തികഞ്ഞ സംഘാടകനുമാണ്. നിലവിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ ചെയർമാനാണ്.
ജർമനിയിലെ സമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ മേഖലകളെ കൂടാതെ കായിക മേഖലയിലും ഏറെ സജീവമാണ്. മേഴ്സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
ജനുവരി 12,13 തീയതികളിൽ തിരുവനന്തപുരത്താണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള എംപിമാരും എംഎൽഎമാരും ആഗോള തലത്തിൽ പ്രവാസി മലയാളികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പടെ 351 പേരും സർക്കാരിന്റെ ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് ലോക കേരള സഭ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജോളി തടത്തിൽ ലോക കേരള സഭയിലേക്ക്
11:04 PM Jan 10, 2018 | Deepika.com