ലണ്ടൻ: ലോകോത്തര ബ്രാൻഡ് സിഗരറ്റുകളുടെ നിർമ്മാണം നിർത്താൻ ഒരുങ്ങുകയാണ്. പുകയില കന്പനി ഭീമൻ ഫിലിപ് മോറിസ് ഇന്റർനാഷണനാണ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. മാൾബറോ, പാർലമെന്റ്, ബെൻസണ്‍ ആൻഡ് ഹെഡ്ജസ് എന്നീ ബ്രാൻഡുകൾ നിർത്തുമെന്നാണ് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
സിഗരറ്റ് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് പുതുവർഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളിൽ കന്പനി കഴിഞ്ഞ ദിവസം പരസ്യം നൽകുകയും ചെയ്തു. അതിന് പിന്നാലെയാണ് സിഗരറ്റ് നിർമ്മാണം തന്നെ നിർത്തുകയാണെന്ന് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പുകവലിരഹിത ഭാവിക്കായുള്ള നിർണായക ചുവടുവെപ്പെന്നാണ് കന്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിഗരറ്റ് നിർമ്മാണത്തിൽ നിന്ന് മാറി ഇ-സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്കാണ് കന്പനിയുടെ ചുവടുമാറ്റം. പുകയില്ലാത്ത ഉത്പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കന്പനി അവകാശപ്പെടുന്നത്.
ഭാവിയിൽ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ-സിഗരറ്റ് രംഗത്തേക്ക് ആകർഷിക്കാമെന്നും കന്പനി കണക്കുകൂട്ടുന്നു. ലോകമെങ്ങും 180 രാജ്യങ്ങളിൽ മാൾബറോ കന്പിനി സിഗരറ്റുകൾ വിൽക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാൾബറോ സിഗരറ്റ് നിർമാണം നിർത്തുന്നു
10:51 PM Jan 10, 2018 | Deepika.com