ബ്രെക്സിറ്റ് രണ്ടാം ഘട്ട ചർച്ചകൾക്ക് വഴിയൊരുങ്ങി

09:12 PM Dec 16, 2017 | Deepika.com
ബ്രസൽസ്: ബ്രെക്സിറ്റ് ചർച്ചകളുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിക്കാനുള്ള വഴി തെളിഞ്ഞു. ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. വ്യാപാര ചർച്ചകൾക്കു വേഗത്തിൽ തുടക്കം കുറിക്കുന്നതിനു സമ്മർദം ചെലുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ബ്രസൽസിലെത്തിയിട്ടുണ്ട്.

ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്നതോടെ ഏതുതരം ബന്ധമാണ് മുന്നോട്ടുകൊണ്ടുപോവുകയെന്നതിൽ വ്യക്തത വേണമെന്നും ആവശ്യമുയർന്നു. അതേസമയം ഭാവികാര്യങ്ങൾ തീരുമാനിക്കുന്ന ചർച്ചയുടെ അടുത്തഘട്ടം എളുപ്പമല്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

2019 മാർച്ചോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം. ഒന്നാം ഘട്ട ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായതായി നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. വ്യാപാരം, സുരക്ഷ, സഹകരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ തുടങ്ങാനും തീരുമാനിച്ചു. ചർച്ച വിജയകരമായി രണ്ടാംഘട്ടത്തിലെത്തിച്ചതിന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക്, തെരേസ മേയെ അഭിനന്ദിച്ചു.

ബ്രിട്ടിഷ് പാർലമെന്‍റിന്‍റെ അനുമതിയില്ലാതെ ചർച്ചകൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ഭേദഗതി പാസാക്കിയതോടെ, ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിർണായക വോട്ടെടുപ്പിൽ തെരേസക്കു തിരിച്ചടിയേറ്റിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ