യൂറോസോണ്‍ പരിഷ്കരണ പദ്ധതി മാർച്ചിൽ പ്രഖ്യാപിക്കും

09:11 PM Dec 16, 2017 | Deepika.com
ബെർലിൻ: യൂറോസോണ്‍ പരിഷ്കരണം ഉദ്ദേശിച്ച് ജർമനിയും ഫ്രാൻസും ചേർന്നു തയാറാക്കുന്ന പദ്ധതികൾ മാർച്ചിൽ പ്രഖ്യാപിക്കും. ഈ വിഷയത്തിൽ ജർമനിയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചായിരിക്കും പദ്ധതി തയാറാക്കുക എന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ വ്യക്തമാക്കി.

യൂറോസോണ്‍ സമൂലമായി പരിഷ്കരിക്കുകയും സംഭവിക്കാനിടയുള്ള സാന്പത്തിക പ്രത്യാഘാതങ്ങളുടെ സ്വാധീനം കുറയ്ക്കുകയും ചെയ്യുക എന്നത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെയും യൂറോപ്യൻ കമ്മീഷൻ മേധാവി ഴാങ് ക്ലോദ് ജങ്കറുടെയും പ്രധാന ലക്ഷ്യമാണ്. എന്നാൽ, ജർമനിയിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം ഇതു സംബന്ധിച്ച ചർച്ചകൾക്ക് ഇപ്പോൾ വേണ്ടത്ര പുരോഗതിയില്ല.

ഫ്രാൻസും സ്പെയ്നും ഇറ്റലിയും ഗ്രീസും പോലെ വലിയ കടങ്ങളുള്ള രാജ്യങ്ങൾ നേരിടുന്ന അപകടം പങ്കുവയ്ക്കുന്നതിനോട് ജർമനിയും നെതർലൻഡ്സും പോലുള്ള അതി സന്പന്ന രാജ്യങ്ങൾക്ക് എതിർപ്പു നിലനിൽക്കുന്നു. ഇതേ നിലപാടാണ് മെർക്കലിന്‍റെ സിഡിയുവിന്‍റെ ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവും സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ