ഓർക്കസ്ട്ര ഇല്ലാതെയുള്ള സീനിയർ ഗ്രൂപ്പ് എ മത്സരത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോയ്ഫുൾ സിംഗേഴ്സ് രണ്ടാം സ്ഥാനം നേടിയപ്പോൾ, സെന്റ് മേരിസ് സിറിയൻ ഓർത്തഡോക്സ് ഇടവകയ്ക്കാണ് മൂന്നാം സ്ഥാനം. ജൂനിയർ ഗ്രൂപ്പ് എ വിഭാഗത്തിൽ (ഓർക്കസ്ട്ര ഇല്ലാത്ത) കിൻഡർ ക്വയർ സ്റ്റഡ്ലൗ ഒന്നാം സ്ഥാനം നേടി. ചങ്ങാതിക്കൂട്ടം ജൂനിയേഴ്സ്, ഗ്രേസ് വോയിസ് എന്നീ ഗ്രൂപ്പുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഓർക്കസ്ട്രയോടുകൂടിയ ഗ്രൂപ്പ് ബി സീനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം ഗാർഡിയൻ എയ്ഞ്ചേൽസിന് ലഭിച്ചു. സിറിയൻ മെലഡീസിന് രണ്ടാം സ്ഥാനവും, ചങ്ങാതിക്കൂട്ടം സീനിയേഴ്സിനു മൂന്നാം സ്ഥാനവും ലഭിച്ചു. ജൂനിയർ ഗ്രൂപ്പ് ബി വിഭാഗത്തിൽ (ഓർക്കസ്ട്ര ഇല്ലാത്ത) എയ്ഞ്ചേൽ കിഡ്സ് ഒന്നാം സ്ഥാനം നേടി.
വി. കുർബാനയ്ക്കു ശേഷം നടന്ന മത്സരങ്ങളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 20 ഗ്രൂപ്പുകൾ പങ്കെടുത്തു. ആർഗെ ആഗിന്റെ ജനറൽ സെക്രട്ടറി മാഗ്. അലക്സാണ്ടർ ക്രാൽജിസ് സന്നിഹിതനായിരുന്ന ചടങ്ങിൽ എംസിസി ചാപ്ലൈൻ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി കരോൾ മത്സരത്തിന്റെ പശ്ചാത്തലം വിവരിക്കുകയും, ഗായകരെയും, പ്രേക്ഷകരെയും സ്വാഗതം ചെയ്യുകയും ചെയ്തു.
ഓർത്തോഡോക്സ്, സിറിയൻ ഇടവകകളിൽ നിന്നുള്ള ഫാ. വിൽസണ് എബ്രഹാം, ഫാ. ജോഷി വെട്ടിക്കാട്ടിൽ എന്നിവരും എംസിസിയിൽ നിന്നുള്ള വൈദികരും ഒരുമിച്ചു എക്യുമെനിക്കൽ പ്രാർത്ഥനാസമ്മേളനം നയിച്ചു. എംസിസി അസി. ചാപ്ലൈൻ ഫാ. ജോയി പ്ലാതോട്ടത്തിൽ സമ്മാനദാനം നിർവ്വഹിച്ചു. ജനറൽ കണ്വീനർ ബോബൻ കളപ്പുരയ്ക്കൽ നന്ദി പറഞ്ഞ സമ്മേളനത്തിൽ സെക്രട്ടറി സെക്രട്ടറി ജോർജ് വടക്കുംചേരിൽ അവതാരകനായിരുന്നു.
റിപ്പോർട്ട്: ജോബി ആന്റണി