ജർമൻ സ്ഥാപനങ്ങൾ ബ്രിട്ടീഷ് ബന്ധം പുനഃപരിശോധിക്കും

12:01 AM Dec 08, 2017 | Deepika.com
ബെർലിൻ: ബ്രെക്സിറ്റിന്‍റെ കാര്യത്തിൽ ഇനിയും വ്യക്തത വരാത്ത സാഹചര്യത്തിൽ ബ്രിട്ടനുമായുള്ള വ്യാപാര ബന്ധങ്ങൾ പുനഃപരിശോധിക്കാൻ ജർമൻ സ്ഥാപനങ്ങൾ തയാറെടുക്കുന്നു. ബ്രിട്ടനിൽ വ്യവസായം നടത്തുന്ന ജർമൻ കന്പനികൾ ആഗ്രഹിക്കുന്നത് എത്രയും വേഗം ഇക്കാര്യത്തിൽ വ്യക്തത വരണമെന്നാണെന്ന് ബിഡിഐ മേധാവി ജോവാഹിം ലാങ്.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വ്യാപാര കരാർ ഉണ്ടാകാതിരുന്നാൽ അതു നേരിടാൻ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരു വർഷമെങ്കിലും സമയം ആവശ്യമായി വരും. അത്രയും കാലം കാത്തിരിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഇപ്പോൾ തന്നെ തയാറെടുപ്പുകൾ തുടങ്ങാൻ ആലോചിക്കുന്നതെന്നും ലാങ് വിശദീകരിച്ചു.

പല മേഖലകളിലും അപകടം തൊട്ടടുത്തെത്തിക്കഴിഞ്ഞെന്നും ലാങ്ങിന്‍റെ മുന്നറിയിപ്പ്. കാർ മേഖലയാണ് ഇതിലൊന്ന്. ലോകത്ത് ഏറ്റവും കൂടുതൽ കാറുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിട്ടും ഈ വർഷം ജർമനിയിൽനിന്നുള്ള കാർ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബ്രെക്സിറ്റ് കാരണം ബ്രിട്ടനിൽനിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ