+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിനെതിരെ പ്രഖ്യാപിച്ച വിലക്ക് ഫിഫ പിൻവലിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതോടെ 24 മാസത്തെ നീണ്ട കാത്തിരിപ്പിന് അറുതിവരുത്തി കുവൈത്ത് രാജ്യാന്തര ഫുട്ബോളിലേക്ക് തിരിച
കുവൈത്തിനെതിരെ  പ്രഖ്യാപിച്ച വിലക്ക് ഫിഫ പിൻവലിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതോടെ 24 മാസത്തെ നീണ്ട കാത്തിരിപ്പിന് അറുതിവരുത്തി കുവൈത്ത് രാജ്യാന്തര ഫുട്ബോളിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ ആഴ്ച കായികരംഗത്ത് ഭേദഗതികൾ അവതരിപ്പിച്ചുകൊണ്ട് കുവൈത്ത് പാർലമെന്‍റ് പുതിയ നിയമം പാസാക്കിയിരുന്നു. രാജ്യാന്തര ഫുട്ബോൾ അസോസിയേഷന്‍റെ നിർദ്ദേശങ്ങൾ പാലിക്കുന്നതാണ് പുതിയ നിയമമെന്ന് ബോധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അധികൃതർ വ്യക്തമാക്കി.

കുവൈത്ത് ഒളിംപിക് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തതിന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കെതിരെ കുവൈത്ത് 100 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നുവെങ്കിലും വിധി അനുകൂലമായിരുന്നില്ല. രാജ്യത്തെ കായിക സംവിധാനങ്ങളിൽ ഇടപെടാൻ സർക്കാരിന് അവസരം നൽകുന്നതാണ് കുവൈത്തിലെ കായിക നിയമം എന്ന ആരോപണവുമായി 2015 ഒക്ടോബറിലാണ് ഫിഫ, രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി (ഐഒസി) തുടങ്ങിയ രാജ്യാന്തര കായിക സംഘടനകൾ കുവൈത്തിനു വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനെ തുടർന്ന് ഒളിംപിക് ചാർട്ടർ പ്രകാരമുള്ള രാജ്യാന്തര ഒളിംപിക് വേദികളിലൊന്നിലും പങ്കെടുക്കാൻ കുവൈത്ത് കായിക താരങ്ങൾക്ക് സാധിച്ചിരുന്നില്ല.

വിലക്ക് പിൻവലിക്കുന്ന കത്തുമായി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ ഇന്നലെ കുവൈത്തിൽ എത്തി. വിമാനത്താവളത്തിൽ പാർലമെന്‍റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

രാജ്യത്ത് ഇടക്കാല സർക്കാരാണ് അധികാരത്തിലുള്ളതെങ്കിലും സാഹചര്യത്തിന്‍റെ പ്രാധാന്യം പരിഗണിച്ചു പാർലമെന്‍റ് പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് പുതിയ കായിക നിയമം പാസാക്കിയത്.

അതിനിടെ 2022 ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്‍റെ ഏതാനും മത്സരങ്ങൾക്ക് കുവൈത്ത് വേദിയായേക്കും. നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചാൽ ഇക്കാര്യത്തിൽ ഫിഫക്ക് എതിർപ്പില്ലെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം പണിയുന്നതിനുള്ള നീക്കങ്ങൾ കുവൈത്ത് ആരംഭിച്ചതായും പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്‍റർനാഷണൽ ഒളിംപിക് അസോസിയേഷനും ഡിസംബറിൽ വിലക്ക് പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് ഐഒസി അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ