+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓഖിയുടെ സാധ്യത തള്ളി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്കറ്റ്: ഒമാനിൽ നിലവിലുള്ള മൂടിക്കെട്ടിയ കാലാവസ്ഥയും ചിലയിടങ്ങളിൽ അനുഭവപ്പെടുന്ന മഴയും ഓഖിയുമായി ബന്ധപ്പെട്ടതല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ അറിയിച്ചതായി ഒമാൻ ഇൻഫർമേഷൻ മന്ത്രാലയത്തിന
ഓഖിയുടെ സാധ്യത തള്ളി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കറ്റ്: ഒമാനിൽ നിലവിലുള്ള മൂടിക്കെട്ടിയ കാലാവസ്ഥയും ചിലയിടങ്ങളിൽ അനുഭവപ്പെടുന്ന മഴയും ഓഖിയുമായി ബന്ധപ്പെട്ടതല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ അറിയിച്ചതായി ഒമാൻ ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒമാൻ ഡെയിലി ഒബ്സർവർ പത്രം റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു വരുന്ന സന്ദേശങ്ങൾക്ക് ഇതോടെ വ്യക്തതയായി.

ഒമാന്‍റെ വടക്കു ഭാഗത്ത് രൂപം കൊണ്ടിട്ടുള്ള അതിന്യൂനമർദ്ദത്തെ തുടർന്നുള്ള മാറ്റങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്ന മൂടിക്കെട്ടിയ കാലാവസ്ഥക്ക് കാരണം. കൂടാതെ തീരപ്രദേശങ്ങളിലും അൽഹജർ മലനിരകൾ, മുസന്ദം ഗവർണറേറ്റ്, മസ്കറ്റ്, അൽബാറ്റിന, ദക്ഷിണ ഷർഖിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

വടക്കു കിഴക്കൻ കാറ്റ് കടലിൽ ശക്തമാകാൻ സാധ്യതയുണ്ട്. മൽസ്യ ബന്ധനം വിലക്കിയിട്ടുണ്ട്.തിരമാലകൾ മൂന്നു മീറ്റർ ഉയരത്തിൽ വരെ ഉയരുവാൻ സാധ്യതയുണ്ട്. ബീച്ചുകളിൽ പോകുന്നവർ കരുതലായിരിക്കുവാനും ഡോൾഫിൻ വാച്ചുൾപ്പെടെയുള്ള കടൽ വിനോദങ്ങൾക്ക് ഈ ദിവസങ്ങളിൽ പോകുന്നതിനും വിലക്കിയിട്ടുണ്ട്. വാദികളിൽ പരമാവധി ജാഗ്രത പുലർത്തുവാനും അഭ്യർഥിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുന്നത് കണക്കിലെടുത്ത് ഒമാനിലെ ഫെറി സർവീസ് കന്പനിയായ നാഷണൽ ഫെറീസ് കന്പനി തിങ്കളാഴ്ച സർവീസുകൾ റദ്ദ് ചെയ്തു.

റിപ്പോർട്ട്: സേവ്യർ കാവാലം