ഫ്രാൻസിൽ പൊതുസ്ഥലങ്ങളിലെ നിസ്കാരം നിരോധിക്കും

08:54 PM Nov 20, 2017 | Deepika.com
പാരീസ്: പൊതു സ്ഥലങ്ങൾ നിസ്കാരത്തിന് ഉപയോഗിക്കുന്നത് പാരീസിന്‍റെ വടക്കൻ പ്രാന്ത പ്രദേശങ്ങളിൽ നിരോധിക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചു. ജനപ്രതിനിധികളുടെ ആവശ്യവും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം.

പൊതുവഴികളിലും മറ്റും നിസ്കരിക്കുന്നത് പൊതു സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. ക്ലിച്ചി ലാ ഗാരേനെയിൽ മോസ്ക് അടച്ചുപൂട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇവിടെ എല്ലാ വെള്ളിയാഴ്ചയും തെരുവിൽ തന്നെയാണ് നിസ്കാരം കൂട്ടമായി നടത്തപ്പെടുന്നത്. പുതിയ മോസ്ക് നിർമിക്കാൻ അനുയോജ്യമായ സ്ഥലം അനുവദിക്കാൻ സർക്കാർ തയാറാകും വരെ ഇതു തുടരുമെന്നാണ് ഇവിടെ നിസ്കരിക്കാനെത്തുന്നവർ പറയുന്നത്.

അതേസമയം സർക്കാർ കടുത്ത നടപടികളിലേക്കു നീങ്ങിയതോടെ പ്രാദേശിക മുസ്ലിം അസോസിയേഷനും കടുത്ത മാർഗങ്ങളാണ് ആലോചിക്കുന്നത്. അടുത്ത വെള്ളിയാഴ്ച സിറ്റി സെന്‍ററിൽ തന്നെ നിസ്കാരം നടത്തുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ