വീസ കാലാവധി കഴിഞ്ഞ് ബ്രിട്ടനിൽ തുടരുന്നവർക്കെതിരേ കടുത്ത നടപടി

08:42 PM Nov 20, 2017 | Deepika.com
ലണ്ടൻ: വീസ കാലാവധി പൂർത്തിയായിട്ടും രാജ്യത്ത് തുടരുന്ന വിദേശികൾക്കെതിരേ ബ്രിട്ടീഷ് ഹോം ഓഫീസ് കടുത്ത നടപടിക്ക്. അടുത്ത ജനുവരി മുതൽ ഇങ്ങനെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കാൻ തീരുമാനമായി. ഇതിനായി ബാങ്കുകളും ഹൗസിംഗ് സൊസൈറ്റികളും ഏഴു കോടി കറന്‍റ് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കും.

പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ച പദ്ധതി ഇതിനകം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിക്കഴിഞ്ഞു. അഭയാർഥിത്വ അപേക്ഷ നിരാകരിക്കപ്പെട്ട ശേഷവും രാജ്യത്ത് തുടരുന്നവരെയും ഇത്തരത്തിൽ കണ്ടത്തി നാടുകടത്താനാണ് ഹോം ഓഫീസ് ശ്രമിക്കുന്നത്.

അതേസമയം, ഇത്തരം നടപടികൾ നിയമവിധേയമായി രാജ്യത്തു ജോലി ചെയ്തു ജീവിക്കുന്ന വിദേശികളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ