ലണ്ടൻ: യുകെ മലയാളികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയ യുക്മ കലണ്ടർ ഈ വർഷം ഒക്ടോബർ മാസം തന്നെ വിതരണം ചെയ്തു തുടങ്ങിയത് യുകെയിലെന്പാടും വൻപ്രചാരം ലഭിക്കുന്നതിനിടയായി. യുക്മയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഒക്ടോബർ മാസം തന്നെ കലണ്ടർ പുറത്തിറക്കി യുകെയുടെ എല്ലാ മേഖലയിലും വിതരണത്തിന് എത്തിച്ചത്. ഒക്ടോബർ 28 ശനിയാഴ്ച ലണ്ടൻ ഹെയർഫീൽഡിൽ വച്ചു നടന്ന യുകെയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ നാഷണൽ കലാമേള 2017ന്റെ വേദിയിലാണ് 2018 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തത്.
യുകെയിലെയും കേരളത്തിലെയും അവധി ദിവസങ്ങൾ വ്യത്യസ്തമായ കളറുകളിൽ ചേർത്തിരിക്കുന്നത് കൂടാതെ മലയാളം പഞ്ചാംഗം നോക്കി മലയാള മാസതീയതികളും നാളുകളും കൃത്യമായി ഉൾപെടുത്തി എന്നുള്ളതാണ് ഈ വർഷത്തെ യുക്മ കലണ്ടറിന്റെ പ്രത്യേകത. യുകെയിലെ അവധി ദിവസങ്ങളും ശനി, ഞായർ ദിവസങ്ങൾ ചുവന്ന കളറിലും ഇന്ത്യയിലെ അവധി ദിവസങ്ങൾ നീല നിറത്തിലുമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
ഈ വർഷവും 15,000 കലണ്ടറുകളാണ് യുക്മ സൗജന്യമായി യുകെ മലയാളികൾക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകൾ വഴിയും ഭാരവാഹികൾ മുഖേനയുമാണ് ഇവ യുകെ മലയാളികൾക്ക് എത്തിച്ചു കൊടുക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലൈഡ് ഫൈനാൻസിയേഴ്സ്, മുത്തൂറ്റ് ബാങ്ക്, ലോ ആൻഡ് ലോയേർസ് സോളിസിറ്റേഴ്സ്, ടോംടോം ട്രാവൽസ്, സിബി ജോർജ് അക്കൗണ്ടൻസി സർവീസ്, ബി ആൻഡ് എൽ ഫോട്ടോഗ്രാഫി യുകെ, കൊരിന്ത്യൻസ് ഓട്ടോമൊബൈൽസ് എന്നിവരാണ് ഈ വർഷത്തെ യുക്മ കലണ്ടറിനു പരസ്യം നൽകി സഹായിച്ചത്.
2018ലെ യുക്മ കലണ്ടർ: യുകെ മലയാളികൾക്കിടയിൽ വൻപ്രചാരം നേടുന്നു
10:32 PM Nov 15, 2017 | Deepika.com