ദയാവധ സംഘടനയുടെ സ്ഥാപകൻ നൂറാം വയസിൽ അന്തരിച്ചു

09:35 PM Nov 11, 2017 | Deepika.com
ജനീവ: ദയാവധം പ്രോത്സാഹിപ്പിക്കുന്ന എക്സിറ്റ് എന്ന സംഘടനയുടെ സ്ഥാപകൻ റോൽഫ് സിഗ് നൂറാം വയസിൽ അന്തരിച്ചു. പാസ്റ്ററും മനഃശാസ്ത്ര വിദഗ്ധനുമായിരുന്ന അദ്ദേഹം സെപ്റ്റംബർ പകുതിയോടെ തന്നെ മരിച്ചെങ്കിലും ഇപ്പോൾ മാത്രമാണ് കുടുംബം ഈ വാർത്ത പുറത്തുവിടുന്നത്.

1982ലാണ് മറ്റ് 68 പേർക്കൊപ്പം എക്സിറ്റ് എന്ന സംഘടനയ്ക്ക് സിഗ് തുടക്കം കുറിക്കുന്നത്. ഇതിന്‍റെ സ്വിസ് - ജർമൻ വിഭാഗത്തിന്‍റെ ഡയറക്ടറായാണ് പ്രവർത്തിച്ചിരുന്നത്. നിലവിൽ 105,000 അംഗങ്ങളാണ് സ്വിറ്റ്സർലൻഡിൽനിന്നു മാത്രം ഈ സംഘടനയിലുള്ളത്. ഭേദമാകില്ലെന്ന് ഉറപ്പുള്ള മാരക രോഗം ബാധിച്ചവർക്കും ജീവൻ രക്ഷിക്കാനാവില്ലെന്ന് ഡോക്ടർമാർ തീർപ്പു കൽപ്പിച്ചവർക്കുമെല്ലാം വേദനരഹിതമായ മരണം ഉറപ്പു വരുത്താൻ സഹായിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ഇതിനകം അഞ്ഞൂറോളം പേരാണ് ഇത്തരത്തിൽ സംഘടനയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാരണം മരണത്തിന്‍റെ മാലാഖ എന്നാണ് സിഗ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇതിലെ ധാർമിക സമസ്യകൾ ഉന്നയിച്ച് 1986ൽ പാസ്റ്റർ പദവി റദ്ദാക്കപ്പെട്ടിരുന്നു. അതേസമയം, 2012ൽ ധീരതയ്ക്കുള്ള പുരസ്കാരത്തിനും അർഹനായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ