പിഎംഎഫ് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഉജ്ജ്വല തുടക്കം

01:11 AM Oct 24, 2017 | Deepika.com
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ന്ധപ്രവാസി ശ്രീ’ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഉജ്ജ്വല തുടക്കം.

ഇതാദ്യമായാണ് ഒരു പ്രവാസി മലയാളി സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചവർക്കു വേണ്ടി സ്വയം തൊഴിൽ നൽകുന്നതിന് ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നത്.

വിവിധയിനം അച്ചാറുകൾ, മധുര പലഹാരങ്ങൾ ഉൾപ്പെടെയുള്ള ഇരുപത്തഞ്ചോളം വിഭവങ്ങളാണ് ആദ്യം വിപണിയിൽ എത്തിക്കുന്നത് . നാട്ടിലും വിദേശത്തുമായുള്ള സൂപ്പർ മാർക്കറ്റുകൾ വഴിയാണ് വിപണനം കണ്ടെ ത്തുന്നത്. വിവിധ വിദേശ രാജ്യങ്ങളിലുള്ള പ്രവാസി വ്യവസായികൾ തന്നെ ഇതിനു മുൻകൈ എടുത്തു രംഗത്തെത്തിയത് ആഗോളതലത്തിൽ സംരംഭത്തെ മുൻപന്തിയിലെത്തിക്കുമെന്നുറപ്പാണ്. നേരിട്ടും അല്ലാതെയും നിരവധി ആളുകൾക്ക് ഇതുവഴിയായി ജോലിയും ലഭിക്കുമെന്നുള്ള കാര്യവും ശ്രദ്ധേയമാണ്.

പദ്ധതിയുടെ ഉദ്ഘാടനം കൊട്ടാരക്കരയിൽ കേരളാ വനം മന്ത്രി കെ.രാജു നിർവഹിച്ചു. നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പിഎംഎഫ് തുടങ്ങുന്ന ഇത്തരം സംരംഭങ്ങൾ സംസ്ഥാനത്തിന് വലിയ മുതൽക്കൂട്ടാണെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അയിഷാ പോറ്റി എംഎൽഎ അധ്യക്ഷത വഹിച്ചു. പിഎംഎഫ് ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം ഷാഹിദ കമാൽ, ഇന്ത്യൻ കോ ഓർഡിനേറ്റർ അജിത്കുമാർ, കേരളാ കോകോർഡിനേറ്റർ ചന്ദ്രസേനൻ, സൂസൻ ഷേർലി തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ