ഫ്രാങ്കോയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം”: സ്പാനിഷ് സർക്കാരിനെതിരെ കാറ്റലൻ നേതാക്കൾ

11:05 PM Oct 23, 2017 | Deepika.com
ബാഴ്സലോണ: കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിച്ച്, പാർലമെന്‍റ് പിരിച്ചു വിടാനുള്ള സ്പാനിഷ് സർക്കാരിന്‍റെ തീരുമാനം, ജനറൽ ഫ്രാങ്കോയുടെ കാലത്തിനുശേഷം പ്രദേശത്തിനെതിരേ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമെന്ന് കാറ്റലൻ നേതാക്കൾ. ദേശീയ സർക്കാർ കാറ്റലൻ സർക്കാരിനെ അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.

സ്പാനിഷ് സർക്കാരിന്‍റെ തീരുമാനത്തിനെതിരേ കാറ്റലോണിയയിൽ നാലര ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങിയത്. ഇരുപക്ഷവും തമ്മിലുള്ള സംഘർഷം രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുമെന്ന ആശങ്ക രാജ്യത്താകമാനവും യൂറോപ്പിലും വ്യാപകമാണ്.

കാറ്റലോണിയ നേരിട്ട് ഫെഡറൽ ഗവണ്‍മെന്‍റിന്‍റെ ഭരണത്തിനു കീഴിലാക്കാനുള്ള നടപടിക്രമങ്ങൾക്ക് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് തുടക്കം കുറിച്ചു കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ കാറ്റലൻ പാർലമെന്‍റിലേക്കു പുതിയ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

കാറ്റലൻ അധികൃതരുടെ അധികാരങ്ങൾ കേന്ദ്ര സർക്കാരിലെ മന്ത്രിമാർ ഏറ്റെടുത്ത് സ്വാതന്ത്ര്യ നീക്കം തകർക്കാനാണ് ശ്രമം നടക്കുന്നത്. എന്നാൽ ഇത്തരം നടപടികൾ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് കാറ്റലൻ പ്രസിഡന്‍റ് കാൾസ് പീജ്ഡിമോന്‍റ്പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ