കൂട്ടുകക്ഷി സർക്കാർ: ജർമനിയിൽ ആദ്യവട്ട സഖ്യ ചർച്ചകൾ പൂർത്തിയായി

09:23 PM Oct 21, 2017 | Deepika.com
ബെർലിൻ: തൂക്ക് പാർലമെന്‍റ് നിലവിൽ വന്ന ജർമനിയിൽ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഒൗപചാരിക തുടക്കം. ആദ്യം വട്ടം ചർച്ചകൾ പൂർത്തിയായപ്പോൾ സഞ്ചരിക്കാൻ ഇനിയും ദൂരമേറെ എന്നാണ് മൂന്നു പ്രധാന പാർട്ടികളുടെയും പൊതു വിലയിരുത്തലുകൾ.

സിഡിയുവും സിഎസ്യുവും ചേർന്ന ബ്ലോക്കിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ഗ്രീൻ പാർട്ടിയെയും എഫ്ഡിപിയെയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് ശ്രമം. മുന്നണി സർക്കാർ രൂപീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.

യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാർഥി പ്രവാഹം മുതൽ കാലാവസ്ഥാ നയം വരെയുള്ള കാര്യങ്ങളിൽ ധാരണയിലെത്തിയാൽ മാത്രമേ പരിസ്ഥിതി വാദികളായ ഗ്രീൻ പാർട്ടിയെയും വ്യവസായ അനുകൂല വിഭാഗമായ എഫ്ഡിപിയെയും സർക്കാരിൽ ഒരുമിച്ചു കൊണ്ടുപോകാൻ ചാൻസലർ ആംഗല മെർക്കലിനു സാധിക്കൂ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ