പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കണ്വൻഷൻ ‘അഭിഷേകാഗ്നി 2017’ ഒക്ടോബർ 22ന് (ഞായർ) ആരംഭിക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളിൽ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്വൻഷൻ നയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷസന്ദേശം നല്‍കും.
നാളെ ഗ്ലാസ്ഗോ റീജണിലെ മദർ വെൽ സിവിക്ക് സെന്ററിലും തിങ്കളാഴ്ച പ്രസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിലും ചൊവ്വാഴ്ച മാഞ്ചസ്റ്റർ ഷെറീഡാൻ സ്യൂട്ടിലും ബുധനാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും വ്യാഴാഴ്ച ബർമിംഹാം ന്യു ബിൻന്തി ഹോളിലും വെള്ളിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്ററിലും ശനിയാഴ്ച കാർഡിഫ് കാർഡിഫ് കോർപ്പൂസ് ക്രിസ്റ്റി ആർ. സി. ഹൈസ്കൂളിലും ഞായറാഴ്ച ലണ്ടനിലെ ഹെൻണ്ട ൻ അലൈൻസ് പാർക്കിലുമാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിക്കും.
കണ്വൻഷന് ഒരുക്കമായി ഇന്ന് വൈകുന്നേരം ആറു മുതൽ 11.45 വരെ പ്രസ്റ്റണ്‍ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ കത്തീഡ്രലിൽ മാർ ജോസഫ് സ്രാന്പിക്കലും ഫാ. സേവ്യർ ഖാൻ വട്ടായിലും നയിക്കുന്ന ജാഗരണപ്രാർഥന നടക്കും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾ റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ ജനറൽ കോ-ഒാർഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ഫാ. സോജി ഓലിക്കൽ ജനറൽ കണ്‍വീനറും വികാരി ജനറാൾമാരായ റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്റ്റി, ഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ജോസഫ് വെന്പാടംതറ വിസി , റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിൻ മുല്ലക്കര, ഫാ. ടോമി ചിറയ്ക്കൽ മണവാളൻ, ഫാ. പോൾ വെട്ടിക്കാട്ട് സിഎസ് റ്റി, ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ് എന്നിവർ റീജണൽ കോ-ഒാർഡിനേറ്റേഴ്സുമാരായുള്ള വിപുലമായ കമ്മറ്റി കണ്വൻഷന് നേതൃത്വം നല്‍കും.
റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്വൻഷൻ നാളെ മുതൽ
03:40 PM Oct 21, 2017 | Deepika.com