ബെർലിൻ: ജർമൻ കന്പനി സീമെൻസ് ഉൗർജ, വാതക മേഖലയിൽനിന്ന് ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിടുന്നു എന്ന് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 23 സൈറ്റുകളിൽ 11 എണ്ണം അടച്ചുപൂട്ടുകയോ വിൽക്കുകയോ ചെയ്യാനാണ് കന്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമാണ് പിരിച്ചുവിടൽ.
നിലവിൽ ഈ ഡിവിഷനിൽ മുപ്പതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ 12,000 ജർമനിക്കാരും ഉൾപ്പെടുന്നു. പിരിച്ചുവിടൽ ഇവരെയും ബാധിക്കുമെന്നാണ് അറിയുന്നത്.
വിൻഡ് ടർബൈനുകൾ മുതൽ ട്രെയ്നുകൾ വരെയും, മെഡിക്കൽ ഉപകരണങ്ങൾ മുതൽ വാഷിംഗ് മെഷീൻ വരെയും നിർമിക്കുന്ന സീമെൻസ് വാതകത്തിൽ പ്രവർത്തിക്കുന്ന ഉൗർജ പ്ലാന്റുകളുടെ സാധ്യതകൾ അവസാനിക്കുന്നതു മനസിലാക്കിയാണ് അവ ഘട്ടംഘട്ടമായി ഒഴിവാക്കുന്നത്. ലോക രാജ്യങ്ങൾ ഹരിത ഉൗർജത്തിലേക്കു മാറുന്നതാണ് കാരണം.
ഉൗർജ, വാതക പ്ലാന്റുകളിലേക്കുള്ള ഓർഡറുകളിൽ 40 ശതമാനം ഇടിവാണ് കഴിഞ്ഞ പാദത്തിൽ സീമെൻസ് രേഖപ്പെടുത്തിയത്. എന്നാൽ, പിരിച്ചുവിടൽ വാർത്ത സംബന്ധിച്ച് കന്പനി ഒൗദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സീമെൻസ് ആയിരക്കണക്കിനാളുകളെ പിരിച്ചുവിടുന്നു
09:41 PM Oct 20, 2017 | Deepika.com